തന്റെ ദാസന് ശരിതെറ്റുകളെ വേര്‍തിരിച്ചുകാണിക്കുന്ന ഈ പ്രമാണം ഇറക്കിക്കൊടുത്ത അല്ലാഹു അളവറ്റ അനുഗ്രഹമുള്ളവനാണ്. അദ്ദേഹം ലോകര്‍ക്കാകെ മുന്നറിയിപ്പു നല്‍കുന്നവനാകാന്‍ വേണ്ടിയാണിത്.
ആകാശഭൂമികളുടെ ആധിപത്യത്തിനുടമയാണവന്‍. അവനാരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയുമില്ല. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു.
എന്നിട്ടും ഈ ജനം അവനെക്കൂടാതെ പല ദൈവങ്ങളെയും സങ്കല്‍പിച്ചുണ്ടാക്കി. എന്നാല്‍ അവര്‍ ഒന്നിനെയും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവര്‍തന്നെ സൃഷ്ടിക്കപ്പെട്ടവരാണ്. തങ്ങള്‍ക്കുതന്നെ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനുള്ള കഴിവുപോലും അവര്‍ക്കില്ല. മരിപ്പിക്കാനോ ജീവിപ്പിക്കാനോ ഉയിര്‍ത്തെഴുന്നേല്‍പിക്കാനോ അവര്‍ക്കാവില്ല.
നോക്കൂ: എങ്ങനെയൊക്കെയാണ് അവര്‍ നിന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്? അങ്ങനെ അവര്‍ തീര്‍ത്തും വഴികേടിലായിരിക്കുന്നു. ഒരു വഴിയും കണ്ടെത്താനവര്‍ക്കു കഴിയുന്നില്ല.
താനുദ്ദേശിക്കുന്നുവെങ്കില്‍ അവരാവശ്യപ്പെട്ടതിനെക്കാളെല്ലാം മെച്ചപ്പെട്ട പലതും അഥവാ, താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന അനേകം ആരാമങ്ങളും നിരവധി കൊട്ടാരങ്ങളും നിനക്കു നല്‍കാന്‍ കഴിവുറ്റവനാണ് അല്ലാഹു. അവന്‍ അളവറ്റ അനുഗ്രഹങ്ങളുള്ളവനാണ്.
അവിടെ അവര്‍ക്ക് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അവരവിടെ നിത്യവാസികളായിരിക്കും. പൂര്‍ത്തീകരണം തന്റെ ബാധ്യതയായി നിശ്ചയിച്ച് നിന്റെ നാഥന്‍ നല്‍കിയ വാഗ്ദാനമാണിത്.
അവരെയും അല്ലാഹുവെക്കൂടാതെ അവര്‍ പൂജിച്ചുവരുന്നവയെയും ഒരുമിച്ചുകൂട്ടുന്ന ദിവസം അല്ലാഹു അവരോട് ചോദിക്കും: \"നിങ്ങളാണോ എന്റെ ഈ അടിമകളെ വഴിപിഴപ്പിച്ചത്. അതല്ല; അവര്‍ സ്വയം പിഴച്ചുപോയതോ?”
അവര്‍ പറയും: \"നീയെത്ര പരിശുദ്ധന്‍! നിന്നെക്കൂടാതെ ഏതെങ്കിലും രക്ഷാധികാരികളെ സ്വീകരിക്കുകയെന്നത് ഞങ്ങള്‍ക്കു ചേര്‍ന്നതല്ല. എന്നാല്‍ നീ അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും ജീവിതസുഖം നല്‍കി. അങ്ങനെ അവര്‍ ഈ ഉദ്ബോധനം മറന്നുകളഞ്ഞു. അതുവഴി അവരൊരു നശിച്ച ജനതയായി.”
അല്ലാഹു പറയും: \"നിങ്ങള്‍ പറയുന്നതൊക്കെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കുന്നു. ഇനി ശിക്ഷയെ തട്ടിമാറ്റാനോ എന്തെങ്കിലും സഹായം നേടാനോ നിങ്ങള്‍ക്കു സാധ്യമല്ല. അതിനാല്‍ നിങ്ങളില്‍നിന്ന് അക്രമം കാണിച്ചവരെ നാം കഠിനശിക്ഷക്കു വിധേയമാക്കും.”
ആഹാരംകഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരല്ലാത്ത ആരെയും നിനക്കുമുമ്പും നാം ദൂതന്മാരായി അയച്ചിട്ടില്ല. യഥാര്‍ഥത്തില്‍ നിങ്ങളില്‍ ചിലരെ മറ്റുചിലര്‍ക്കു നാം പരീക്ഷണമാക്കിയിരിക്കുന്നു. നിങ്ങള്‍ ക്ഷമിക്കുമോ എന്നറിയാന്‍. നിന്റെ നാഥന്‍ എല്ലാം കണ്ടറിയുന്നവനാണ്.
നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ പറഞ്ഞു: \"നമുക്ക് മലക്കുകള്‍ ഇറക്കപ്പെടാത്തതെന്ത്? അല്ലെങ്കില്‍ നമ്മുടെ നാഥനെ നാം നേരില്‍ കാണാത്തതെന്ത്?” അവര്‍ സ്വയം പൊങ്ങച്ചം നടിക്കുകയും കടുത്തധിക്കാരം കാട്ടുകയും ചെയ്തിരിക്കുന്നു.
അക്രമിയായ മനുഷ്യന്‍ ഖേദത്താല്‍ കൈ കടിക്കുന്ന ദിനമാണത്. അന്ന് അയാള്‍ പറയും: \"ഹാ കഷ്ടം! ഞാന്‍ ദൈവദൂതനോടൊപ്പം അദ്ദേഹത്തിന്റെ മാര്‍ഗമവലംബിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ.
സത്യനിഷേധികള്‍ ചോദിക്കുന്നു: \"ഇയാള്‍ക്ക് ഈ ഖുര്‍ആന്‍ മുഴുവനും ഒന്നിച്ച് ഒരേസമയം ഇറക്കിക്കൊടുക്കാത്തതെന്ത്?” എന്നാല്‍ അത് ഇങ്ങനെത്തന്നെയാണ് വേണ്ടത്. നിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്താനാണിത്. നാമിത് ഇടവിട്ട് ഇടവിട്ട് പലതവണയായി ഓതിക്കേള്‍പ്പിക്കുന്നു.
നൂഹിന്റെ ജനതയെയും നാം അതുതന്നെ ചെയ്തു. അവര്‍ ദൈവദൂതന്മാരെ കള്ളമാക്കി തള്ളി. അപ്പോള്‍ നാം അവരെ മുക്കിക്കൊന്നു. അങ്ങനെ നാം അവരെ ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി. അക്രമികള്‍ക്കു നാം നോവേറിയശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
വിപത്തിന്റെ മഴ പെയ്തിറങ്ങിയ ആ നാട്ടിലൂടെയും ഇവര്‍ കടന്നുപോയിട്ടുണ്ട്. എന്നിട്ടും ഇവരിതൊന്നും കണ്ടിട്ടില്ലേ? യഥാര്‍ഥത്തിലിവര്‍ ഉയിര്‍ത്തെഴുന്നേല്‍പ് ഒട്ടും പ്രതീക്ഷിക്കാത്തവരായിരുന്നു.
നിന്റെ നാഥനെക്കുറിച്ച് നീ ആലോചിച്ചുനോക്കിയിട്ടില്ലേ? എങ്ങനെയാണവന്‍ നിഴലിനെ നീട്ടിയിട്ടുകൊണ്ടിരിക്കുന്നതെന്ന്. അവനിച്ഛിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ ഒരേ സ്ഥലത്തുതന്നെ നിശ്ചലമാക്കുമായിരുന്നു. സൂര്യനെ നാം നിഴലിന് വഴികാട്ടിയാക്കി.
രണ്ടു സമുദ്രങ്ങളെ സംയോജിപ്പിച്ചതും അവനാണ്. ഒന്നില്‍ ശുദ്ധമായ തെളിനീരാണ്. രണ്ടാമത്തേതില്‍ ചവര്‍പ്പുള്ള ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ അവനൊരു മറയുണ്ടാക്കിയിരിക്കുന്നു. ശക്തമായ തടസ്സവും.
അല്ലാഹുവെക്കൂടാതെ, തങ്ങള്‍ക്ക് ഗുണമോ ദോഷമോ ചെയ്യാത്ത പലതിനെയും അവര്‍ പൂജിച്ചുകൊണ്ടിരിക്കുന്നു. സത്യനിഷേധി തന്റെ നാഥനെതിരെ എല്ലാ ദുശ്ശക്തികളെയും സഹായിക്കുന്നവനാണ്.
പറയുക: \"ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. ആരെങ്കിലും തന്റെ നാഥനിലേക്കുള്ള വഴിയവലംബിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളട്ടെയെന്നുമാത്രം.”
എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് അല്ലാഹു. ഒരിക്കലും മരിക്കാത്തവനും. അവനില്‍ ഭരമേല്‍പിക്കുക. അവന്റെ വിശുദ്ധി വാഴ്ത്തുക. അവനെ കീര്‍ത്തിക്കുക. തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനായി അവന്‍ തന്നെ മതി.
ആ പരമകാരുണികനെ സാഷ്ടാംഗം പ്രണമിക്കൂ എന്ന് അവരോട് പറഞ്ഞാല്‍ അവര്‍ ചോദിക്കും: \"എന്താണീ പരമകാരുണികനെന്നു പറഞ്ഞാല്‍? നീ പറയുന്നവരെയൊക്കെ ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കണമെന്നോ?” അങ്ങനെ സത്യപ്രബോധനം അവരുടെ അകല്‍ച്ചയും വെറുപ്പും വര്‍ധിപ്പിക്കുകയാണുണ്ടായത്.
അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കാത്തവരുമാണവര്‍. അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കാത്തവരും. വ്യഭിചരിക്കാത്തവരുമാണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന്‍ അതിന്റെ പാപഫലം അനുഭവിക്കുകതന്നെ ചെയ്യും.
പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
അവരിങ്ങനെ പ്രാര്‍ഥിക്കുന്നവരുമാണ്: \"ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ.”
പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ നാഥന്‍ നിങ്ങളെ ഒട്ടും പരിഗണിക്കുകയില്ല. നിങ്ങള്‍ അവനെ നിഷേധിച്ചുതള്ളിയിരിക്കയാണല്ലോ. അതിനാല്‍ അതിനുള്ള ശിക്ഷ അടുത്തുതന്നെ അനിവാര്യമായും ഉണ്ടാകും.