അവര്‍ പറയുന്നു: \"നീ ഞങ്ങളെ ക്ഷണിക്കുന്ന സന്ദേശത്തിനു നേരെ ഞങ്ങളുടെ ഹൃദയങ്ങള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ കാതുകളെ ബധിരത ബാധിച്ചിരിക്കുന്നു. നമുക്കിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ നിന്റെ പണി ചെയ്യുക. ഞങ്ങള്‍ ഞങ്ങളുടെ പണി നോക്കാം.\"
പറയുക: \"രണ്ടു നാളുകള്‍കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവത്തെ നിഷേധിക്കുകയാണോ നിങ്ങള്‍? നിങ്ങളവന് സമന്മാരെ സങ്കല്‍പിക്കുകയുമാണോ? അറിയുക: അവനാണ് സര്‍വലോകങ്ങളുടെയും സംരക്ഷകന്‍.\"
അവന്‍ ഭൂമിയുടെ മുകള്‍പരപ്പില്‍ ഉറച്ചുനില്‍ക്കുന്ന മലകളുണ്ടാക്കി. അതില്‍ അളവറ്റ അനുഗ്രഹങ്ങളൊരുക്കി. അതിലെ ആഹാരങ്ങള്‍ ക്രമപ്പെടുത്തി. നാലു നാളുകളിലായാണ് ഇതൊക്കെ ചെയ്തത്. ആവശ്യക്കാര്‍ക്കെല്ലാം ശരിയായ അനുപാതത്തിലാണ് അതില്‍ ആഹാരമൊരുക്കിയത്.
പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് പുകയായിരുന്നു. അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: \"ഉണ്ടായിവരിക; നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.\" അപ്പോള്‍ അവ രണ്ടും അറിയിച്ചു: \"ഞങ്ങളിതാ അനുസരണമുള്ളവയായി വന്നിരിക്കുന്നു.\"
അങ്ങനെ അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കി. ഓരോ ആകാശത്തിനും അതിന്റെ നിയമം ബോധനംനല്‍കി. അടുത്തുള്ള ആകാശത്തെ വിളക്കുകളാല്‍ അലങ്കരിച്ചു. നല്ലപോലെ ഭദ്രവുമാക്കി. പ്രതാപിയും സകലതും അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിത്.
അങ്ങനെ ആദ് സമുദായം ഭൂമിയില്‍ അനര്‍ഹമായി അഹങ്കരിച്ചു. അവര്‍ പറഞ്ഞു: \"ഞങ്ങളേക്കാള്‍ കരുത്തുള്ള ആരുണ്ട്?\" അവരെ പടച്ച അല്ലാഹു അവരെക്കാളെത്രയോ കരുത്തനാണെന്ന് അവര്‍ കാണുന്നില്ലേ? അവര്‍ നമ്മുടെ വചനങ്ങളെ നിഷേധിക്കുന്നവരായിരുന്നു.
അവസാനം നാം ദുരിതം നിറഞ്ഞ നാളുകളില്‍ അവരുടെ നേരെ അത്യുഗ്രമായ കൊടുങ്കാറ്റയച്ചു. ഐഹികജീവിതത്തില്‍ തന്നെ അവരെ അപമാനകരമായ ശിക്ഷ ആസ്വദിപ്പിക്കാനായിരുന്നു അത്. പരലോകശിക്ഷ ഇതിനെക്കാള്‍ എത്രയോ കൂടുതല്‍ അപമാനകരമാണ്. അവര്‍ക്കെങ്ങുനിന്നും ഒരു സഹായവും കിട്ടുകയില്ല.
നിങ്ങളുടെ കാതുകളും കണ്ണുകളും ചര്‍മങ്ങളും നിങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ല. അതിനാല്‍ അവയില്‍ നിന്ന് നിങ്ങള്‍ ഒന്നും ഒളിപ്പിച്ചുവെക്കാറുണ്ടായിരുന്നില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിലേറെയും അല്ലാഹു അറിയില്ലെന്നാണ് നിങ്ങള്‍ ധരിച്ചിരുന്നത്.
നാം അവര്‍ക്ക് ചില കൂട്ടുകാരെ ഉണ്ടാക്കിക്കൊടുത്തു. ആ കൂട്ടുകാര്‍ അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവര്‍ക്ക് അലംകൃതമായി തോന്നിപ്പിച്ചു. അതോടെ അവര്‍ക്ക് ശിക്ഷ സ്ഥിരപ്പെട്ടു. അവര്‍ക്ക് മുമ്പെ കഴിഞ്ഞുപോയ ജിന്നുകളിലും മനുഷ്യരിലുമുള്ളവര്‍ക്ക് ബാധകമായ അതേ ശിക്ഷ. ഉറപ്പായും അവര്‍ നഷ്ടം പറ്റിയവര്‍ തന്നെ.
അതാണ് ദൈവവിരോധികള്‍ക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലം; നരകം. അവരുടെ സ്ഥിരവാസത്തിനുള്ള ഭവനവും അവിടെത്തന്നെ. നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്.
“ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെ”ന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും: \"നിങ്ങള്‍ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക.
\"ഈ ലോകത്തും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ ഉറ്റമിത്രങ്ങളാകുന്നു. നിങ്ങള്‍ക്ക് അവിടെ നിങ്ങളുടെ മനം മോഹിക്കുന്നതൊക്കെ കിട്ടും. നിങ്ങള്‍ക്ക്അവിടെ നിങ്ങളാവശ്യപ്പെടുന്നതെന്തും ലഭിക്കും.
രാപ്പകലുകളും സൂര്യചന്ദ്രന്മാരും അവന്റെ അടയാളങ്ങളില്‍പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ പ്രണമിക്കരുത്. അവയെ പടച്ച അല്ലാഹുവിനെ മാത്രം പ്രണമിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരെങ്കില്‍!
ഭൂമിയെ വരണ്ടതായി നീ കാണുന്നു. പിന്നെ നാം അതില്‍ വെള്ളം വീഴ്ത്തിയാല്‍ പെട്ടെന്നത് ചലനമുള്ളതായിത്തീരുന്നു. വികസിച്ചു വലുതാവുന്നു. ഇതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. മൃതമായ ഈ ഭൂമിയെ ജീവനുള്ളതാക്കുന്നവന്‍ തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കും. അവന്‍ എല്ലാ കാര്യത്തിനുംകഴിവുറ്റവനാണ്.
നിനക്കു മുമ്പുണ്ടായിരുന്ന ദൈവദൂതന്മാരോടു പറയാത്തതൊന്നും നിന്നോടും പറയുന്നില്ല. നിശ്ചയമായും നിന്റെ നാഥന്‍ പാപം പൊറുക്കുന്നവനാണ്; നോവുറ്റ ശിക്ഷ നല്‍കുന്നവനും.
നാം ഇതിനെ അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലെ ഖുര്‍ആന്‍ ആക്കിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: \"എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വ്യക്തമായി വിശദമാക്കപ്പെടുന്നില്ല? ഗ്രന്ഥം അനറബിയും പ്രവാചകന്‍ അറബിയുമാവുകയോ?\" പറയുക: സത്യവിശ്വാസികള്‍ക്ക് ഇത് വ്യക്തമായ വഴികാട്ടിയാണ്. ഫലവത്തായ ശമനൌഷധവും. വിശ്വസിക്കാത്തവര്‍ക്കോ, അവരുടെ കാതുകളുടെ കേള്‍വി കെടുത്തിക്കളയുന്നതാണ്. കണ്ണുകളുടെ കാഴ്ച നശിപ്പിക്കുന്നതും. ഏതോ വിദൂരതയില്‍ നിന്നു വിളിക്കുന്നതുപോലെ അവ്യക്തമായ വിളിയായാണ് അവര്‍ക്കനുഭവപ്പെടുക.
മൂസാക്കും നാം വേദം നല്‍കിയിരുന്നു. അപ്പോള്‍ അതിന്റെ കാര്യത്തിലും ഭിന്നിപ്പുകളുണ്ടായിരുന്നു. നിന്റെ നാഥന്റെ കല്‍പന നേരത്തെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ തീര്‍പ്പ് കല്‍പിക്കപ്പെടുമായിരുന്നു. സംശയമില്ല; അവരിതേപ്പറ്റി സങ്കീര്‍ണമായ സംശയത്തിലാണ്.
ആരെങ്കിലും നന്മ ചെയ്താല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനുതന്നെ. നിന്റെ നാഥന്‍ തന്റെ ദാസന്മാരോടു തീരേ അനീതി ചെയ്യുന്നവനല്ല.
ആ അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിനു മാത്രമേയുള്ളൂ. അവന്റെ അറിവോടെയല്ലാതെ പഴങ്ങള്‍ അവയുടെ പോളകളില്‍ നിന്നു പുറത്തുവരികയോ ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുകയോ പ്രസവിക്കുകയോ ഇല്ല. അവന്‍ അവരോടിങ്ങനെ വിളിച്ചു ചോദിക്കുന്ന ദിവസം: \"എന്റെ പങ്കാളികളെവിടെ?\" അവര്‍ പറയും: \"ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. ഞങ്ങളിലാരും തന്നെ അതിനു സാക്ഷികളല്ല.\"
അവര്‍ നേരത്തെ വിളിച്ചുപ്രാര്‍ഥിച്ചിരുന്നവയെല്ലാം അവരില്‍നിന്ന് വിട്ടകന്നുപോകും. തങ്ങള്‍ക്കിനിയൊരു രക്ഷാമാര്‍ഗവുമില്ലെന്ന് അവര്‍ക്ക് ബോധ്യമാവുകയും ചെയ്യും.
അവനെ ബാധിച്ച വിപത്ത് വിട്ടൊഴിഞ്ഞശേഷം നമ്മുടെ അനുഗ്രഹം നാമവനെ ആസ്വദിപ്പിച്ചാല്‍ തീര്‍ച്ചയായും അവന്‍ പറയും: \"ഇത് എനിക്ക് അവകാശപ്പെട്ടതുതന്നെയാണ്. അന്ത്യസമയം ആസന്നമാകുമെന്ന് ഞാന്‍ കരുതുന്നില്ല. അഥവാ, ഞാനെന്റെ നാഥന്റെ അടുത്തേക്ക് തിരിച്ചയക്കപ്പെട്ടാലും എനിക്ക് അവന്റെയടുത്ത് നല്ല അവസ്ഥയാണുണ്ടാവുക.\" എന്നാല്‍ ഇത്തരം സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാം വിവരമറിയിക്കും. കഠിനമായ ശിക്ഷ അവരെ ആസ്വദിപ്പിക്കും.
ചോദിക്കുക: ഈ ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതുതന്നെയായിരിക്കുകയും എന്നിട്ട് നിങ്ങളതിനെ തള്ളിപ്പറയുകയും അങ്ങനെ ഇതിനോടുള്ള എതിര്‍പ്പില്‍ ഏറെ ദൂരം പിന്നിട്ടവനായിത്തീരുകയുമാണെങ്കില്‍ അവനെക്കാള്‍ പിഴച്ചവനായി ആരാണുണ്ടാവുകയെന്ന് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
അടുത്തുതന്നെ വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്കു കാണിച്ചുകൊടുക്കും. ഈ ഖുര്‍ആന്‍ സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകുംവിധമായിരിക്കുമത്. നിന്റെ നാഥന്‍ സകല സംഗതികള്‍ക്കും സാക്ഷിയാണെന്ന കാര്യം തന്നെ പോരേ അവരതില്‍ വിശ്വാസമുള്ളവരാകാന്‍?