അലിഫ് - ലാം - റാഅ്. ഇത് നാം നിനക്കിറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍. പ്രതാപിയും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്.
നാം നിയോഗിച്ച ഒരു ദൂതന്നും തന്റെ ജനതയുടെ ഭാഷയിലല്ലാതെ സന്ദേശം നല്‍കിയിട്ടില്ല. അവര്‍ക്കത് വിവരിച്ചുകൊടുക്കാനാണ് അങ്ങനെ ചെയ്തത്. അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവന്‍ ഏറെ പ്രതാപിയും യുക്തിമാനും തന്നെ.
മൂസയെ നാം നമ്മുടെ വചനങ്ങളുമായി അയച്ചു. നാം പറഞ്ഞു: നീ നിന്റെ ജനത്തെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കു നയിക്കുക. അല്ലാഹുവിന്റെ സവിശേഷമായ നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുക. തികഞ്ഞ ക്ഷമയുള്ളവര്‍ക്കും നിറഞ്ഞ നന്ദിയുള്ളവര്‍ക്കും അതില്‍ നിരവധി തെളിവുകളുണ്ട്.
മൂസ തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം: \"അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ച കാര്യം. അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയുമായിരുന്നു. നിങ്ങള്‍ക്കതില്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്.
\"നിങ്ങളുടെ നാഥനിങ്ങനെ വിളംബരം ചെയ്ത സന്ദര്‍ഭം: “നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും; അഥവാ, നന്ദികേടു കാണിക്കുകയാണെങ്കില്‍ എന്റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും.”
അവര്‍ക്കുള്ള ദൈവദൂതന്മാര്‍ പറഞ്ഞു: \"ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ കാര്യത്തിലാണോ നിങ്ങള്‍ക്കു സംശയം? അറിയുക: നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരാനും നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് അവസരം നീട്ടിത്തരാനുമായി അവന്‍ നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു.” ആ ജനം പറഞ്ഞു: \"നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. ഞങ്ങളുടെ പിതാക്കള്‍ പൂജിച്ചിരുന്നവയില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങളുദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ എന്തെങ്കിലും തെളിവ് കൊണ്ടുവരൂ.”
അവര്‍ക്കുള്ള ദൈവദൂതന്മാര്‍ അവരോടു പറഞ്ഞു: \"ഞങ്ങള്‍ നിങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. എന്നാല്‍ അല്ലാഹു തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. ദൈവഹിതമനുസരിച്ചല്ലാതെ നിങ്ങള്‍ക്ക് ഒരു തെളിവും കൊണ്ടുവന്നുതരാന്‍ ഞങ്ങള്‍ക്കാവില്ല. വിശ്വാസികള്‍ അല്ലാഹുവിലാണ് ഭരമേല്‍പിക്കേണ്ടത്.
സത്യനിഷേധികള്‍ തങ്ങളുടെ ദൈവദൂതന്മാരോടു പറഞ്ഞു: \"നിങ്ങളെ ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കുതന്നെ തിരിച്ചുവരണം.” അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്ക് ബോധനം നല്‍കി: \"ഈ അക്രമികളെ നാം നശിപ്പിക്കുകതന്നെ ചെയ്യും.
\"അവര്‍ക്കുശേഷം നിങ്ങളെ നാം ഈ നാട്ടില്‍ താമസിപ്പിക്കും. വിധിദിനത്തിലെ എന്റെ സ്ഥാനത്തെ ഭയപ്പെടുകയും എന്റെ താക്കീതിനെ പേടിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ഔദാര്യമാണിത്.”
അത് കുടിച്ചിറക്കാനവന്‍ ശ്രമിക്കും. എന്നാല്‍, വളരെ വിഷമിച്ചേ അവന്നത് തൊണ്ടയില്‍ നിന്നിറക്കാനാവൂ. നാനാഭാഗത്തുനിന്നും മരണം അവന്റെ നേരെ വരും. എന്നാലൊട്ടു മരിക്കുകയുമില്ല. ഇതിനുപിറകെ കഠിനമായ ശിക്ഷ വേറെയുമുണ്ട്.
വളരെ കൃത്യതയോടെ അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് നീ കാണുന്നില്ലേ. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ തുടച്ചുമാറ്റി പകരം പുതിയ സൃഷ്ടികളെ അവന്‍ കൊണ്ടുവരും.
ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു.
എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍.
ചീത്ത വചനത്തിന്റെ ഉപമ ഒരു ക്ഷുദ്ര വൃക്ഷത്തിന്റേതാണ്. ഭൂതലത്തില്‍ നിന്ന് അത് വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. അതിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ഒന്നുമില്ല.
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സുസ്ഥിരമായ വചനത്താല്‍ സ്ഥൈര്യം നല്‍കുന്നു; ഇഹലോകജീവിതത്തിലും പരലോകത്തും. അക്രമികളെ അല്ലാഹു വഴികേടിലാക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നതെന്തും ചെയ്യുന്നു.
നിങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ അവന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എണ്ണിക്കണക്കാക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ.
\"എന്റെ നാഥാ! ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍, നാഥാ, നീ എറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.”
\"ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം.
\"എന്റെ നാഥാ! എന്നെ നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ മക്കളില്‍ നിന്നും അത്തരക്കാരെ ഉണ്ടാക്കേണമേ; ഞങ്ങളുടെ നാഥാ! എന്റെ ഈ പ്രാര്‍ഥന നീ സ്വീകരിച്ചാലും.
അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നിങ്ങള്‍ കരുതരുത്. അവന്‍ അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ഒരു നാളിലേക്ക് പിന്തിച്ചിടുന്നുവെന്നേയുള്ളൂ.
ജനത്തിനു ശിക്ഷ വന്നെത്തുന്ന ദിവസത്തെ സംബന്ധിച്ച് നീ അവരെ താക്കീതു ചെയ്യുക. അതിക്രമം പ്രവര്‍ത്തിച്ചവര്‍ അപ്പോള്‍ പറയും: \"ഞങ്ങളുടെ നാഥാ! അടുത്ത ഒരവധിവരെ ഞങ്ങള്‍ക്കു നീ അവസരം നല്‍കേണമേ! എങ്കില്‍ നിന്റെ വിളിക്ക് ഞങ്ങളുത്തരം നല്‍കാം. നിന്റെ ദൂതന്മാരെ പിന്തുടരുകയും ചെയ്യാം.” അവര്‍ക്കുള്ള മറുപടി ഇതായിരിക്കും: \"ഞങ്ങള്‍ക്കൊരു മാറ്റവുമുണ്ടാവുകയില്ലെന്ന് നേരത്തെ ആണയിട്ടു പറഞ്ഞിരുന്നില്ലേ നിങ്ങള്‍?”
തങ്ങളോടുതന്നെ അതിക്രമം കാണിച്ച ഒരു ജനവിഭാഗത്തിന്റെ പാര്‍പ്പിടങ്ങളിലാണല്ലോ നിങ്ങള്‍ താമസിച്ചിരുന്നത്. അവരെ നാമെന്തു ചെയ്തുവെന്ന് നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കു നാം വ്യക്തമായ ഉപമകള്‍ വഴി കാര്യം വിശദീകരിച്ചുതന്നിട്ടുമുണ്ട്.
അവര്‍ തങ്ങളുടെ കൌശലം പരമാവധി പ്രയോഗിച്ചു. എന്നാല്‍ അവര്‍ക്കെതിരിലുള്ള കൌശലം അല്ലാഹുവിങ്കലുണ്ട്; അവരുടെ കുതന്ത്രം പര്‍വതങ്ങളെ പിഴുതുമാറ്റാന്‍ പോന്നതാണെങ്കിലും.
അല്ലാഹു തന്റെ ദൂതന്മാര്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിക്കുമെന്ന് നീ ഒരിക്കലും കരുതരുത്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയാണ്. പ്രതികാരനടപടി സ്വീകരിക്കുന്നവനും.
ഈ ഭൂമി ഒരുനാള്‍ ഭൂമിയല്ലാതായിത്തീരും. ആകാശങ്ങളും അവയല്ലാതായിമാറും. ഏകനും എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ അല്ലാഹുവിന്റെ മുന്നില്‍ അവയെല്ലാം മറയില്ലാതെ പ്രത്യക്ഷപ്പെടും.