ആകാശഭൂമികളെ ആറുനാളുകളിലായി പടച്ചുണ്ടാക്കിയ അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍; സംശയമില്ല. പിന്നീട് അവന്‍ അധികാരപീഠത്തിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. അവന്റെ അനുവാദം കിട്ടിയ ശേഷമല്ലാതെ ശിപാര്‍ശ ചെയ്യുന്ന ആരുമില്ല. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. അതിനാല്‍ അവനുമാത്രം വഴിപ്പെടുക. ഇതൊന്നും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
അവനിലേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. ഇത് അല്ലാഹുവിന്റെ തെറ്റുപറ്റാത്ത വാഗ്ദാനമാണ്. തീര്‍ച്ചയായും അവനാണ് സൃഷ്ടികര്‍മം ആരംഭിക്കുന്നത്. പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്നു. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാനാണിത്. എന്നാല്‍ സത്യനിഷേധികള്‍ക്ക് തിളച്ചുമറിയുന്ന പാനീയമാണുണ്ടാവുക. നോവേറിയ ശിക്ഷയും. അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാലാണിത്.
അവനാണ് സൂര്യനെ പ്രകാശമണിയിച്ചത്. ചന്ദ്രനെ പ്രശോഭിപ്പിച്ചതും അവന്‍ തന്നെ. അതിന് അവന്‍ വൃദ്ധിക്ഷയങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയാന്‍. യാഥാര്‍ഥ്യ നിഷ്ഠമായല്ലാതെ അല്ലാഹു ഇതൊന്നും സൃഷ്ടിച്ചിട്ടില്ല. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുകയാണ്.
നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍, ഐഹികജീവിതംകൊണ്ട് തൃപ്തിയടഞ്ഞവര്‍, അതില്‍തന്നെ സമാധാനം കണ്ടെത്തിയവര്‍, നമ്മുടെ പ്രമാണങ്ങളെപ്പറ്റി അശ്രദ്ധ കാണിച്ചവര്‍-
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, അവരുടെ സത്യവിശ്വാസം കാരണം അവരുടെ നാഥന്‍ നേര്‍വഴിയില്‍ നയിക്കും. അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍ അവരുടെ താഴ്ഭാഗത്തൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും.
അവിടെ അവരുടെ പ്രാര്‍ഥന “അല്ലാഹുവേ, നീയെത്ര പരിശുദ്ധന്‍” എന്നായിരിക്കും. അവിടെ അവര്‍ക്കുള്ള അഭിവാദ്യം “സമാധാനം” എന്നും അവരുടെ പ്രാര്‍ഥനയുടെ സമാപനം “ലോകനാഥനായ അല്ലാഹുവിന് സ്തുതി”യെന്നുമായിരിക്കും.
ജനം ഭൌതിക നേട്ടത്തിന് തിടുക്കം കൂട്ടുന്നപോലെ അവര്‍ക്ക് വിപത്ത് വരുത്താന്‍ അല്ലാഹുവും ധൃതി കാട്ടുകയാണെങ്കില്‍ അവരുടെ കാലാവധി എന്നോ കഴിഞ്ഞുപോയേനെ. എന്നാല്‍, നാമുമായി കണ്ടുമുട്ടുമെന്ന് കരുതാത്തവരെ അവരുടെ അതിക്രമങ്ങളില്‍ അന്ധമായി വിഹരിക്കാന്‍ നാം അയച്ചുവിടുകയാണ്.
മനുഷ്യനെ വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ നിന്നോ ഇരുന്നോ കിടന്നോ നമ്മോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അങ്ങനെ അവനെ ആ വിപത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തിയാല്‍ പിന്നെ അവനകപ്പെട്ട വിഷമസന്ധിയിലവന്‍ നമ്മോടു പ്രാര്‍ഥിച്ചിട്ടേയില്ലെന്ന വിധം നടന്നകലുന്നു. അതിരു കവിയുന്നവര്‍ക്ക് അവരുടെ ചെയ്തികള്‍ അവ്വിധം അലംകൃതമായി തോന്നുന്നു.
നിങ്ങള്‍ക്കു മുമ്പുള്ള പല തലമുറകളെയും അവര്‍ അതിക്രമം കാണിച്ചപ്പോള്‍ നാം നശിപ്പിച്ചിട്ടുണ്ട്. വ്യക്തമായ പ്രമാണങ്ങളുമായി അവരിലേക്കുള്ള നമ്മുടെ ദൂതന്മാര്‍ അവരെ സമീപിച്ചു. എന്നാല്‍ അവര്‍ വിശ്വസിച്ചതേയില്ല. അവ്വിധമാണ് കുറ്റവാളികളായ ജനത്തിന് നാം പ്രതിഫലം നല്‍കുന്നത്.
നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുമ്പോള്‍ നാമുമായി കണ്ടുമുട്ടുമെന്ന് കരുതാത്തവര്‍ പറയും: \"നീ ഇതല്ലാത്ത മറ്റൊരു ഖുര്‍ആന്‍ കൊണ്ടുവരിക. അല്ലെങ്കില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുക.” പറയുക: \"എന്റെ സ്വന്തം വകയായി അതില്‍ ഭേദഗതി വരുത്താന്‍ എനിക്കവകാശമില്ല. എനിക്ക് ബോധനമായി കിട്ടുന്നത് പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്റെ നാഥനെ ഞാന്‍ ധിക്കരിക്കുകയാണെങ്കില്‍ അതിഭയങ്കരമായ ഒരു നാളിലെ ശിക്ഷ എന്നെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.”
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? പാപികള്‍ ഒരിക്കലും വിജയിക്കുകയില്ല.
മനുഷ്യരൊക്കെ ഒരു സമുദായമായിരുന്നു. പിന്നെ അവര്‍ ഭിന്നിച്ചു. നിന്റെ നാഥനില്‍നിന്നുള്ള പ്രഖ്യാപനം നേരത്തെ ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ ഇതിനകം തന്നെ തീര്‍പ്പ് കല്‍പിക്കപ്പെടുമായിരുന്നു.
അവര്‍ ചോദിക്കുന്നു: \"ഈ പ്രവാചകന് തന്റെ നാഥനില്‍ നിന്ന് ഒരടയാളം ഇറക്കിക്കിട്ടാത്തതെന്ത്?” പറയുക: അഭൌതികമായ അറിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.
ജനങ്ങള്‍ക്ക് ദുരിതാനുഭവങ്ങള്‍ക്കു ശേഷം നാം അനുഗ്രഹം അനുഭവിക്കാനവസരം നല്‍കിയാല്‍ ഉടനെ അവര്‍ നമ്മുടെ പ്രമാണങ്ങളുടെ കാര്യത്തില്‍ കുതന്ത്രം കാണിക്കുന്നു. പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാണ്. നമ്മുടെ ദൂതന്മാര്‍ നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന കുതന്ത്രങ്ങളെല്ലാം രേഖപ്പെടുത്തിവെക്കും; തീര്‍ച്ച.
കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചരിക്കാനവസരമൊരുക്കിയത് ആ അല്ലാഹുതന്നെയാണ്. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കെ, സുഖകരമായ കാറ്റുവീശി. യാത്രക്കാരെയും കൊണ്ട് കപ്പല്‍ നീങ്ങിത്തുടങ്ങി. അവരതില്‍ സന്തുഷ്ടരായി. പെട്ടെന്നൊരു കൊടുങ്കാറ്റടിച്ചു. എല്ലാ ഭാഗത്തുനിന്നും തിരമാലകള്‍ അവരുടെ നേരെ ആഞ്ഞു വീശി. കൊടുങ്കാറ്റ് തങ്ങളെ വലയം ചെയ്തതായി അവര്‍ക്കുതോന്നി. അപ്പോള്‍ തങ്ങളുടെ വണക്കം അല്ലാഹുവിന് മാത്രം സമര്‍പ്പിച്ചുകൊണ്ട് അവര്‍ അവനോട് പ്രാര്‍ഥിച്ചു: \"ഞങ്ങളെ നീ ഇതില്‍നിന്ന് രക്ഷപ്പെടുത്തിയാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും.”
അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തി. അപ്പോള്‍ അവരതാ അന്യായമായി ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ അതിക്രമം നിങ്ങള്‍ക്കെതിരെ തന്നെയാണ്. നിങ്ങള്‍ക്കത് നല്‍കുക ഐഹികജീവിതത്തിലെ സുഖാസ്വാദനമാണ്. പിന്നെ നമ്മുടെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കും.
ഐഹികജീവിതത്തിന്റെ ഉപമ യിതാ: മാനത്തുനിന്നു നാം മഴ പെയ്യിച്ചു. അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി അതിന്റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്റെ ഉടമകള്‍ കരുതി. അപ്പോള്‍ രാത്രിയോ പകലോ നമ്മുടെ കല്‍പന വന്നെത്തുന്നു. അങ്ങനെ നാമതിനെ നിശ്ശേഷം നശിപ്പിക്കുന്നു; ഇന്നലെ അവിടെ ഒന്നുംതന്നെ ഉണ്ടായിരുന്നിട്ടില്ലാത്തവിധം. ചിന്തിച്ചു മനസ്സിലാക്കുന്ന ജനതക്കുവേണ്ടിയാണ് നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നത്.
എന്നാല്‍ തിന്മകള്‍ ചെയ്തുകൂട്ടിനയവരോ, തിന്മക്കുള്ള പ്രതിഫലം അതിനു തുല്യം തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അവരുടെ മുഖങ്ങള്‍ ഇരുള്‍മുറ്റിയ രാവിന്റെ കഷ്ണംകൊണ്ട് പൊതിഞ്ഞ പോലിരിക്കും. അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.
നാം അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്ന ദിനം. അന്ന് നാം ബഹുദൈവവിശ്വാസികളോടു പറയും: \"നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിവെച്ചവരും അവിടെത്തന്നെ നില്‍ക്കുക.” പിന്നീട് നാം അവരെ പരസ്പരം വേര്‍പ്പെടുത്തും. അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍ പറയും: \"നിങ്ങള്‍ ഞങ്ങളെ ആരാധിച്ചിരുന്നില്ല.
അന്ന് അവിടെവെച്ചു ഓരോ മനുഷ്യനും താന്‍ നേരത്തെ ചെയ്തുകൂട്ടിയതിന്റെ രുചി അനുഭവിച്ചറിയും. എല്ലാവരും തങ്ങളുടെ യഥാര്‍ഥ രക്ഷകനായ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടും. അവര്‍ കെട്ടിയുണ്ടാക്കിയ കള്ളത്തരങ്ങളൊക്കെയും അവരില്‍നിന്ന് തെന്നിമാറിപ്പോകും.
ചോദിക്കുക: നിങ്ങള്‍ ദൈവത്തില്‍ പങ്കാളികളാക്കിയവരില്‍ സൃഷ്ടി ആരംഭിക്കുകയും പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്ന ആരെങ്കിലുമുണ്ടോ? പറയുക: അല്ലാഹു മാത്രമാണ് സൃഷ്ടികര്‍മമാരംഭിക്കുന്നതും പിന്നീട് അതാവര്‍ത്തിക്കുന്നതും. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്?
അവരിലേറെപ്പേരും ഊഹാപോഹത്തെ മാത്രമാണ് ആശ്രയിക്കുന്നത്. സത്യം മനസ്സിലാക്കാന്‍ ഊഹം ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു അവര്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ്; തീര്‍ച്ച.
അല്ലാഹുവല്ലാത്തവര്‍ക്ക് പടച്ചുണ്ടാക്കാനാവുന്നതല്ല ഈ ഖുര്‍ആന്‍. മുമ്പുള്ള വേദപുസ്തകങ്ങളെ സത്യപ്പെടുത്തുന്നതും ദൈവിക വചനങ്ങളുടെ വിശദീകരണവുമാണിത്. ഇതിലൊട്ടും സംശയിക്കേണ്ടതില്ല. ഇതു ലോകനാഥനില്‍ നിന്നുള്ളതുതന്നെയാണ്.
അല്ലാഹു അവരെ ഒരുമിച്ചുകൂട്ടുന്ന നാളിലെ സ്ഥിതിയോര്‍ക്കുക: അന്നവര്‍ക്കു തോന്നും; തങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ മാത്രം പകലില്‍ ഇത്തിരിനേരമേ ഭൂമിയില്‍ താമസിച്ചിട്ടുള്ളൂവെന്ന്. അല്ലാഹുവുമായി കണ്ടുമുട്ടുമെന്ന കാര്യം കള്ളമാക്കി തള്ളിയവര്‍ കൊടിയ നഷ്ടത്തിലകപ്പെട്ടിരിക്കുന്നു. അവര്‍ നേര്‍വഴിയിലായിരുന്നില്ല.
നാം അവര്‍ക്കു താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന വിപത്തുകളില്‍ ചിലത് നിനക്ക് ഈ ജീവിതത്തില്‍തന്നെ നാം കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അതിനുമുമ്പേ നിന്നെ മരിപ്പിച്ചേക്കാം. ഏതായാലും അവരുടെ മടക്കം നമ്മിലേക്കാണ്. പിന്നെ, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനൊക്കെ അല്ലാഹു സാക്ഷിയായിരിക്കും.
ഓരോ സമുദായത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ ഓരോ സമുദായത്തിലേക്കും അവരുടെ ദൂതന്‍ വന്നെത്തിയപ്പോള്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വകമായ വിധിത്തീര്‍പ്പുണ്ടാക്കി. അവര്‍ അല്‍പവും അനീതിക്കിരയായതുമില്ല.
പറയുക: \"എനിക്കു തന്നെ ഗുണമോ ദോഷമോ വരുത്താന്‍ എനിക്കാവില്ല. അല്ലാഹു ഇച്ഛിച്ചാലല്ലാതെ.” ഓരോ ജനതക്കും ഒരു നിശ്ചിത അവധിയുണ്ട്. അവരുടെ അവധി വന്നെത്തിയാല്‍ പിന്നെ ഇത്തിരിനേരം പോലും വൈകിക്കാനവര്‍ക്കാവില്ല. നേരത്തെയാക്കാനും കഴിയില്ല.
അക്രമം പ്രവര്‍ത്തിച്ചവരുടെ വശം ഭൂമിയിലുള്ളതെല്ലാം ഉണ്ടെന്ന് കരുതുക; എങ്കില്‍, ശിക്ഷ നേരില്‍ കാണുമ്പോള്‍ അതൊക്കെയും പിഴയായി നല്‍കാന്‍ അവര്‍ തയ്യാറാകും. അവര്‍ ഖേദം ഉള്ളിലൊളിപ്പിച്ചുവെക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിപൂര്‍വം വിധി തീര്‍പ്പുണ്ടാവും. അവരോടൊട്ടും അനീതിയുണ്ടാവുകയില്ല.
അറിയുക: തീര്‍ച്ചയായും ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. അറിയുക: അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. എങ്കിലും ഏറെപ്പേരും കാര്യം മനസ്സിലാക്കുന്നില്ല.
മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സദുപദേശം വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിനുള്ള ശമനമാണ്. ഒപ്പം സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്നതും മഹത്തായ അനുഗ്രഹവും.
പറയൂ: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് അവനങ്ങനെ ചെയ്തത്. അതിനാല്‍ അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണവര്‍ നേടിക്കൊണ്ടിരിക്കുന്നതിനെക്കാളെല്ലാം ഉത്തമം.
പറയുക: അല്ലാഹു നിങ്ങള്‍ക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങളാലോചിച്ചുനോക്കിയിട്ടുണ്ടോ? എന്നിട്ട് നിങ്ങള്‍ അവയില്‍ ചിലതിനെ നിഷിദ്ധമാക്കി. മറ്റു ചിലതിനെ അനുവദനീയവുമാക്കി. ചോദിക്കുക: ഇങ്ങനെ ചെയ്യാന്‍ അല്ലാഹു നിങ്ങള്‍ക്ക് അനുവാദം തന്നിട്ടുണ്ടോ? അതോ, നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയാണോ?
നീ ഏതുകാര്യത്തിലാവട്ടെ; ഖുര്‍ആനില്‍നിന്ന് എന്തെങ്കിലും ഓതിക്കേള്‍പ്പിക്കുകയാകട്ടെ; നിങ്ങള്‍ ഏത് പ്രവൃത്തി ചെയ്യുകയാകട്ടെ; നിങ്ങളതില്‍ ഏര്‍പ്പെടുമ്പോഴെല്ലാം നാം നിങ്ങളുടെമേല്‍ സാക്ഷിയായി ഉണ്ടാവാതിരിക്കില്ല. ആകാശഭൂമികളിലെ അണുപോലുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ ഒന്നും നിന്റെ നാഥന്റെ ശ്രദ്ധയില്‍പെടാതെയില്ല. വ്യക്തമായ പ്രമാണത്തില്‍ രേഖപ്പെടുത്താത്ത ഒന്നും തന്നെയില്ല.
അറിയുക: ആകാശഭൂമികളിലുള്ളവരൊക്കെയും അല്ലാഹുവിനുള്ളതാണ്. അല്ലാഹുവിനു പുറമെ മറ്റു പങ്കാളികളോട് പ്രാര്‍ഥിക്കുന്നവര്‍ എന്തിനെയാണ് പിന്തുടരുന്നത്? ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. കള്ളം കെട്ടിയുണ്ടാക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്.
അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ അവന്‍ പരിശുദ്ധനാണ്. സ്വയം പൂര്‍ണനും. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. ഈ വാദത്തിന് നിങ്ങളുടെ പക്കല്‍ ഒരു പ്രമാണവുമില്ല. അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ നിങ്ങള്‍?
അവര്‍ക്കുണ്ടാവുക ഈ ലോകത്തെ ഇത്തിരി സുഖാനുഭവം മാത്രമാണ്. ഒടുക്കം അവരുടെ മടക്കം നമ്മിലേക്കാണ്. പിന്നീട് നാമവരെ കഠിന ശിക്ഷ അനുഭവിപ്പിക്കും. അവര്‍ സത്യനിഷേധികളായതിനാലാണിത്.
നീ അവരെ നൂഹിന്റെ കഥ ഓതിക്കേള്‍പ്പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: \"എന്റെ ജനമേ, എന്റെ സാന്നിധ്യവും ദൈവിക വചനങ്ങളെ സംബന്ധിച്ച എന്റെ ഉണര്‍ത്തലും നിങ്ങള്‍ക്ക് ഏറെ ദുസ്സഹമായിത്തോന്നുന്നുവെങ്കില്‍ ഞാനിതാ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു. നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളുംകൂടി തീരുമാനിച്ചുകൊള്ളുക. പിന്നെ നിങ്ങളുടെ തീരുമാനം നിങ്ങള്‍ക്കൊരിക്കലും അവ്യക്തമാകരുത്. എന്നിട്ട് നിങ്ങളത് എനിക്കെതിരെ നടപ്പാക്കിക്കൊള്ളുക. എനിക്കൊട്ടും അവധി തരേണ്ടതില്ല.
\"അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍ എനിക്കെന്ത്; ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെട്ടിട്ടില്ലല്ലോ. എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്. ഞാന്‍ മുസ്ലിം ആയിരിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.”
പിന്നീട് അദ്ദേഹത്തിനുശേഷം നിരവധി ദൂതന്മാരെ നാം തങ്ങളുടെ ജനതകളിലേക്കയച്ചു. അങ്ങനെ അവരുടെ അടുത്ത് വ്യക്തമായ പ്രമാണങ്ങളുമായി അവര്‍ വന്നെത്തി. എങ്കിലും നേരത്തെ കള്ളമാക്കി തള്ളിയതില്‍ വിശ്വസിക്കാനവര്‍ തയ്യാറായിരുന്നില്ല. അവ്വിധം അതിക്രമികളുടെ മനസ്സുകള്‍ക്ക് നാം മുദ്ര വെക്കുന്നു.
പിന്നീട് അവര്‍ക്കുശേഷം നാം മൂസയെയും ഹാറൂനെയും നമ്മുടെ പ്രമാണങ്ങളുമായി ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്കയച്ചു. അപ്പോള്‍ അവര്‍ അഹങ്കരിക്കുകയാണുണ്ടായത്. അവര്‍ കുറ്റവാളികളായ ജനമായിരുന്നു.
മൂസാ പറഞ്ഞു: \"സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതേപ്പറ്റിയാണോ നിങ്ങളിങ്ങനെ പറയുന്നത്? ഇത് മായാജാലമാണെന്നോ? മായാജാലക്കാര്‍ ഒരിക്കലും വിജയിക്കുകയില്ല.”
അവര്‍ ഇട്ടപ്പോള്‍ മൂസ പറഞ്ഞു: നിങ്ങള്‍ ഈ കാണിച്ചതൊക്കെ വെറും ജാലവിദ്യയാണ്. അല്ലാഹു അതിനെ തോല്‍പിക്കും; തീര്‍ച്ച. സംശയമില്ല: നാശകാരികളുടെ ചെയ്തികളെ അല്ലാഹു ഫലവത്താക്കുകയില്ല.
മൂസായില്‍ അദ്ദേഹത്തിന്റെ ജനതയിലെ ഏതാനും ചെറുപ്പക്കാരല്ലാതെ ആരും വിശ്വസിച്ചില്ല. ഫറവോനും അവരുടെ പ്രമാണിമാരും തങ്ങളെ പീഡിപ്പിച്ചേക്കുമോയെന്ന പേടിയിലായിരുന്നു അവര്‍. ഫറവോന്‍ ഭൂമിയില്‍ ഔദ്ധത്യം നടിക്കുന്നവനായിരുന്നു; അതോടൊപ്പം പരിധിവിട്ടവനും.
മൂസാക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ബോധനം നല്‍കി: നിങ്ങളിരുവരും നിങ്ങളുടെ ജനതക്കായി ഈജിപ്തില്‍ ഏതാനും വീടുകള്‍ തയ്യാറാക്കുക. നിങ്ങളുടെ വീടുകളെ നിങ്ങള്‍ ഖിബ്ലകളാക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
മൂസാ പറഞ്ഞു: \"ഞങ്ങളുടെ നാഥാ! ഫറവോന്നും അവന്റെ പ്രമാണിമാര്‍ക്കും നീ ഐഹിക ജീവിതത്തില്‍ പ്രൌഢിയും പണവും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ നാഥാ! ജനങ്ങളെ നിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കാനാണ് അവരതുപയോഗിക്കുന്നത്. ഞങ്ങളുടെ നാഥാ! അവരുടെ സമ്പത്ത് നീ നശിപ്പിച്ചുകളയേണമേ. നോവേറിയ ശിക്ഷ കാണുംവരെ വിശ്വസിക്കാനാവാത്തവിധം അവരുടെ മനസ്സുകളെ കടുത്തതാക്കേണമേ.”
ഇസ്രയേല്‍ മക്കളെ നാം കടല്‍ കടത്തി. അപ്പോള്‍ ഫറവോനും അവന്റെ സൈന്യവും അക്രമിക്കാനും ദ്രോഹിക്കാനുമായി അവരെ പിന്തുടര്‍ന്നു. അങ്ങനെ മുങ്ങിച്ചാകുമെന്നായപ്പോള്‍ ഫറവോന്‍ പറഞ്ഞു: \"ഇസ്രയേല്‍ മക്കള്‍ വിശ്വസിച്ചവനല്ലാതെ ദൈവമില്ലെന്ന് ഞാനിതാ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ മുസ്ലിംകളില്‍ പെട്ടവനാകുന്നു.”
നിന്റെ ശേഷക്കാര്‍ക്ക് ഒരു പാഠമായിരിക്കാന്‍ വേണ്ടി ഇന്നു നിന്റെ ജഡത്തെ നാം രക്ഷപ്പെടുത്തും. സംശയമില്ല; മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്.
നിനക്കു നാം അവതരിപ്പിച്ചുതന്നതിനെ സംബന്ധിച്ച് നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിനക്കുമുമ്പെ വേദപാരായണം നടത്തിവരുന്നവരോട് ചോദിച്ചു നോക്കൂ. തീര്‍ച്ചയായും നിന്റെ നാഥനില്‍ നിന്ന് സത്യമാണ് നിനക്ക് വന്നെത്തിയിരിക്കുന്നത്. അതിനാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്.
ഏതെങ്കിലും നാട് ശിക്ഷ കണ്ട് ഭയന്ന് സത്യവിശ്വാസം സ്വീകരിക്കുകയും അങ്ങനെ അതവര്‍ക്ക് ഉപകരിക്കുകയും ചെയ്ത അനുഭവമുണ്ടോ? യൂനുസിന്റെ ജനതയുടേതൊഴികെ. അവര്‍ വിശ്വസിച്ചപ്പോള്‍ ഐഹിക ജീവിതത്തിലെ നിന്ദ്യമായ ശിക്ഷ നാമവരില്‍ നിന്ന് എടുത്തുമാറ്റി. ഒരു നിശ്ചിതകാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്‍കുകയും ചെയ്തു.
നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?
പറയൂ: \"ജനങ്ങളേ, എന്റെ മാര്‍ഗത്തെ സംബന്ധിച്ച് ഇനിയും നിങ്ങള്‍ സംശയത്തിലാണെങ്കില്‍ അറിയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ പൂജിക്കുന്നവയെ ഞാന്‍ പൂജിക്കുന്നില്ല. എന്നാല്‍, നിങ്ങളെ മരിപ്പിക്കുന്ന അല്ലാഹുവിനെ ഞാന്‍ ആരാധിക്കുന്നു. സത്യവിശ്വാസികളിലുള്‍പ്പെടാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്.”
“നിന്റെ മുഖം ചാഞ്ഞുപോകാതെ ഈ മാര്‍ഗത്തിന് നേരെ ഉറപ്പിച്ചുനിര്‍ത്തണ”മെന്നും “നീ ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകരുതെ”ന്നും എന്നോടു കല്‍പിച്ചിരിക്കുന്നു.
അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
പറയുക: മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം ഇതാ വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ അതിന്റെ നേട്ടം അവനുതന്നെയാണ്. ആരെങ്കിലും ദുര്‍മാര്‍ഗത്തിലാവുകയാണെങ്കില്‍ ആ വഴികേടിന്റെ ദുരന്തവും അവനുതന്നെ. ഇക്കാര്യത്തില്‍ എനിക്കു നിങ്ങളുടെമേല്‍ ഒരുവിധ ഉത്തരവാദിത്വവുമില്ല.