എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും മുഹമ്മദിന് അവതീര്‍ണമായതില്‍- തങ്ങളുടെ നാഥനില്‍നിന്നുള്ള പരമസത്യമാണത്- വിശ്വസിക്കുകയും ചെയ്തവരുടെ തിന്മകളെ അല്ലാഹു തേച്ചുമായിച്ചു കളഞ്ഞിരിക്കുന്നു. അവരുടെ സ്ഥിതി മെച്ചപ്പെടുത്തിയിരിക്കുന്നു.
അതെന്തുകൊണ്ടെന്നാല്‍ സത്യത്തെ തള്ളിക്കളഞ്ഞവര്‍ അസത്യത്തെയാണ് പിന്‍പറ്റുന്നത്. വിശ്വാസികളോ, തങ്ങളുടെ നാഥനില്‍നിന്നുള്ള സത്യത്തെ പിന്തുടരുന്നു. അല്ലാഹു ഇവ്വിധമാണ് ജനങ്ങള്‍ക്ക് അവരുടെ അവസ്ഥകള്‍ വിശദീകരിച്ചു കൊടുക്കുന്നത്.
അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക. അങ്ങനെ നിങ്ങളവരെ കീഴ്പ്പെടുത്തിയാല്‍ അവരെ പിടിച്ചുകെട്ടുക. പിന്നെ അവരോട് ഉദാരനയം സ്വീകരിക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അവസാനിക്കുന്നതുവരെയാണിത്. അതാണ് യുദ്ധനയം. അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ശത്രുക്കളെ കീഴ്പ്പെടുത്തുമായിരുന്നു. എന്നാല്‍ ഈ നടപടി നിങ്ങളില്‍ ചിലരെ മറ്റു ചിലരാല്‍ പരീക്ഷിക്കാനാണ്. ദൈവമാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളെ അവനൊട്ടും പാഴാക്കുകയില്ല.
അവരീ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങളുടെ പൂര്‍വികരുടെ പര്യവസാനം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? അല്ലാഹു അവരെ അപ്പാടെ നശിപ്പിച്ചു. ഈ സത്യനിഷേധികള്‍ക്കും സംഭവിക്കുക അതു തന്നെ.
സംശയം വേണ്ട; സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. എന്നാല്‍ സത്യനിഷേധികളോ, അവര്‍ സുഖിക്കുകയാണ്. നാല്‍ക്കാലികള്‍ തിന്നുംപോലെ തിന്നുകയാണ്. നരകം തന്നെയാണ് അവരുടെ വാസസ്ഥലം.
തന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവനുസരിച്ച് നിലകൊള്ളുന്നവന്‍, തന്റെ ചീത്ത വൃത്തികളെ ചേതോഹരമായി കരുതുകയും തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്യുന്നവനെപ്പോലെയാണോ?
നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചുകളയുകയും?
നേര്‍വഴി വ്യക്തമായിട്ടും അത് വിട്ട് പിന്തിരിഞ്ഞു പോയവര്‍ക്ക് ചെകുത്താന്‍ അവരുടെ ചെയ്തികള്‍ ചേതോഹരമാക്കിത്തോന്നിക്കുന്നു. അവനവരെ വ്യാമോഹത്തിലകപ്പെടുത്തുകയാണ്.
അല്ലാഹുവിന് അനിഷ്ടമുണ്ടാക്കുന്നവയെ അനുധാവനം ചെയ്യുകയും അവന്റെ തൃപ്തിയെ വെറുക്കുകയും ചെയ്തതിനാലാണിത്. അതുകൊണ്ടുതന്നെ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു.
നാം ഇഛിച്ചിരുന്നെങ്കില്‍ നിനക്കു നാമവരെ കാണിച്ചുതരുമായിരുന്നു. അപ്പോള്‍ അവരുടെ അടയാളം വഴി നിനക്കവരെ വേര്‍തിരിച്ചറിയാം. അവരുടെ സംസാരശൈലിയില്‍ നിന്ന് നിനക്കവരെ വ്യക്തമായി മനസ്സിലാകും; തീര്‍ച്ച. അല്ലാഹു നിങ്ങളുടെ കര്‍മങ്ങളൊക്കെയും അറിയുന്നു.
നേര്‍വഴി വ്യക്തമായ ശേഷം സത്യത്തെ തള്ളിപ്പറയുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുകയും ദൈവദൂതനോട് പോര് കാണിക്കുകയും ചെയ്തവരോ, അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുന്നില്ല. എന്നാല്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കുന്നതാണ്.
സത്യത്തെ നിഷേധിച്ചു തള്ളുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുകയും അങ്ങനെ സത്യനിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു മാപ്പേകുകയില്ല; ഉറപ്പ്.
ഈ ഐഹിക ജീവിതം കളിയും തമാശയും മാത്രം. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മതയുള്ളവരാവുകയുമാണെങ്കില്‍ നിങ്ങളര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു നിങ്ങള്‍ക്ക് നല്‍കും. നിങ്ങളോട് അവന്‍ നിങ്ങളുടെ സ്വത്തൊന്നും ചോദിക്കുന്നില്ലല്ലോ.
അല്ലയോ കൂട്ടരേ, നിങ്ങളോടിതാ ദൈവമാര്‍ഗത്തില്‍ ധനവ്യയമാവശ്യപ്പെടുന്നു. അപ്പോള്‍ നിങ്ങളില്‍ പിശുക്കു കാണിക്കുന്ന ചിലരുണ്ട്. ആര്‍ പിശുക്കു കാണിക്കുന്നുവോ അവന്‍ തനിക്കെതിരെ തന്നെയാണ് പിശുക്കു കാട്ടുന്നത്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. നിങ്ങളോ അവന്റെ ആശ്രിതരും. നിങ്ങള്‍ നേര്‍വഴിയില്‍നിന്ന് പിന്തിരിയുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു പകരം മറ്റൊരു ജനതയെ കൊണ്ടുവരും. പിന്നെ അവര്‍ നിങ്ങളെപ്പോലെയാവുകയില്ല.