രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; അല്ലാഹു മാനത്തുനിന്ന് ജീവിതവിഭവം ഇറക്കിത്തരുന്നതില്‍; അതു വഴി ചത്ത ഭൂമിയെ ചൈതന്യവത്താക്കുന്നതില്‍; കാറ്റുകളുടെ ഗതി നിയന്ത്രിക്കുന്നതില്‍; എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് ഒട്ടേറെ അടയാളങ്ങളുണ്ട്.
അല്ലാഹുവിന്റെ വചനങ്ങളാണിവ. നാമവയെ നിനക്കു ക്രമാനുസൃതം ഓതിത്തരുന്നു. അല്ലാഹുവിലും അവന്റെ വചനങ്ങളിലുമല്ലാതെ മറ്റേതു വൃത്താന്തത്തിലാണ് ഈ ജനം ഇനി വിശ്വസിക്കുക.
ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു. എല്ലാം അവനില്‍ നിന്നുള്ളതാണ്. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം തെളിവുകളുണ്ട്.
ആരെങ്കിലും നന്മ ചെയ്താല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനുതന്നെ. പിന്നെ നിങ്ങളൊക്കെ മടക്കപ്പെടുക നിങ്ങളുടെ നാഥങ്കലേക്കാണ്.
തീര്‍ച്ചയായും നാം ഇസ്രയേല്‍ മക്കള്‍ക്ക് വേദപുസ്തകമേകി. ആധിപത്യവും പ്രവാചകത്വവും നല്‍കി. ഉത്തമ വസ്തുക്കളില്‍ നിന്ന് അന്നം നല്‍കി. ലോകത്ത് നാമവരെ മറ്റാരെക്കാളും ശ്രേഷ്ഠരാക്കുകയും ചെയ്തു.
അവര്‍ക്കു നാം എല്ലാ കാര്യങ്ങളിലും വ്യക്തമായ പ്രമാണങ്ങള്‍ നല്‍കി. വിജ്ഞാനം വന്നെത്തിയ ശേഷം മാത്രമാണവര്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമായാണത്. അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ള കാര്യങ്ങളില്‍ നിന്റെ നാഥന്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ വിധിത്തീര്‍പ്പ് കല്‍പിക്കുന്നതാണ്.
പിന്നീട് നിന്നെ നാം ഇക്കാര്യത്തില്‍ വ്യക്തമായ നിയമവ്യവസ്ഥയിലാക്കിയിരിക്കുന്നു. അതിനാല്‍ നീ ആ മാര്‍ഗം പിന്തുടരുക. വിവരമില്ലാത്തവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്.
അല്ലാഹുവില്‍ നിന്നുള്ള ഒരു കാര്യത്തിലും നിനക്കൊരുപകാരവും ചെയ്യാന്‍ അവര്‍ക്കാവില്ല. തീര്‍ച്ചയായും അക്രമികള്‍ പരസ്പരം സഹായികളാണ്. എന്നാല്‍ ഭക്തന്മാരുടെ രക്ഷാധികാരി അല്ലാഹുവാണ്.
ചീത്ത വൃത്തികള്‍ ചെയ്തുകൂട്ടിയവര്‍ കരുതുന്നോ, അവരെ നാം സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ ആക്കുമെന്ന്. അഥവാ, അവരുടെ ജീവിതവും മരണവും ഒരേപോലെയാകുമെന്ന്. അവരുടെ വിധിത്തീര്‍പ്പ് വളരെ ചീത്ത തന്നെ.
അല്ലാഹു ആകാശഭൂമികളെ യാഥാര്‍ഥ്യനിഷ്ഠമായാണ് സൃഷ്ടിച്ചത്. ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം നല്‍കാനാണിത്. ആരോടും ഒട്ടും അനീതി ഉണ്ടാവുകയില്ല.
തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ?
അവര്‍ പറഞ്ഞു: \"നമ്മുടെ ഈ ലോകജീവിതമല്ലാതെ ജീവിതമില്ല. നാം മരിക്കുന്നു. ജീവിക്കുന്നു. കാലം മാത്രമാണ് നമ്മെ നശിപ്പിക്കുന്നത്.\" യഥാര്‍ഥത്തില്‍ അവര്‍ക്ക് അതേപ്പറ്റി ഒരു വിവരവുമില്ല. അവര്‍ വെറുതെ ഊഹിച്ചുപറയുകയാണ്.
നമ്മുടെ വചനങ്ങള്‍ അവരെ വ്യക്തമായി വായിച്ചുകേള്‍പ്പിച്ചാല്‍ അവര്‍ക്കു ന്യായവാദമായി പറയാനുള്ളത് ഇതുമാത്രമായിരിക്കും: \"നിങ്ങള്‍ ഞങ്ങളുടെ പിതാക്കളെ ജീവിപ്പിച്ചുകൊണ്ടുവരിക; നിങ്ങള്‍ സത്യവാദികളെങ്കില്‍!\"
അന്ന് ഓരോ സമുദായവും മുട്ടുകുത്തി വീണുകിടക്കുന്നതായി നിനക്കു കാണാം. എല്ലാ ഓരോ സമുദായത്തെയും തങ്ങളുടെ കര്‍മരേഖ നോക്കാന്‍ വിളിക്കും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അവരുടെ നാഥന്‍ തന്റെ കാരുണ്യവലയത്തില്‍ പ്രവേശിപ്പിക്കും. വ്യക്തമായ വിജയവും അതുതന്നെ.
\"തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെ. ആ അന്ത്യദിനത്തിന്റെ കാര്യത്തിലൊട്ടും സംശയമില്ല\" എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പറയും: \"ഞങ്ങള്‍ക്കറിയില്ലല്ലോ; എന്താണ് ഈ അന്ത്യദിനമെന്ന്. ഞങ്ങള്‍ക്ക് ഊഹം മാത്രമേയുള്ളൂ. ഞങ്ങള്‍ക്ക് ഇക്കാര്യത്തിലൊരുറപ്പുമില്ല.\"
\"അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ പുച്ഛിച്ചുതള്ളി. ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു. അതിനാലാണിങ്ങനെ സംഭവിച്ചത്.\" ഇന്ന് അവരെ നരകത്തീയില്‍ നിന്ന് പുറത്തുചാടാനനുവദിക്കുകയില്ല. അവരോട് പ്രായശ്ചിത്തത്തിന് ആവശ്യപ്പെടുകയുമില്ല.