ഇതൊരധ്യായമാണ്. നാം ഇതിറക്കിത്തന്നിരിക്കുന്നു. ഇതിനെ നിയമമാക്കി നിശ്ചയിച്ചിരിക്കുന്നു. നാം ഇതില്‍ വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍.
വ്യഭിചാരി വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹംചെയ്യുകയുമില്ല. സത്യവിശ്വാസികള്‍ക്ക് അത് നിഷിദ്ധമാക്കിയിരിക്കുന്നു.
നാലു സാക്ഷികളെ ഹാജറാക്കാതെ ചാരിത്രവതികളുടെമേല്‍ കുറ്റമാരോപിക്കുന്നവരെ നിങ്ങള്‍ എണ്‍പത് അടിവീതം അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും സ്വീകരിക്കരുത്. അവര്‍തന്നെയാണ് തെമ്മാടികള്‍.
തങ്ങളുടെ ഭാര്യമാരുടെമേല്‍ കുറ്റമാരോപിക്കുകയും അതിനു തങ്ങളല്ലാതെ മറ്റു സാക്ഷികളില്ലാതിരിക്കുകയുമാണെങ്കില്‍, അവരിലൊരാളുടെ സാക്ഷ്യം “താന്‍ തീര്‍ച്ചയായും സത്യവാനാണെ”ന്ന് അല്ലാഹുവിന്റെപേരില്‍ നാലുതവണ ആണയിട്ട് പറയലാണ്.
“തീര്‍ച്ചയായും അയാള്‍ കള്ളം പറയുന്നവനാണെ”ന്ന് അല്ലാഹുവിന്റെ പേരില്‍ അവള്‍ നാലു തവണ ആണയിട്ടു സാക്ഷ്യപ്പെടുത്തിയാല്‍ അത് അവളെ ശിക്ഷയില്‍നിന്നൊഴിവാക്കുന്നതാണ്.
അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കില്ലാതിരിക്കുകയും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും യുക്തിമാനും അല്ലാതിരിക്കുകയുമാണെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു.
തീര്‍ച്ചയായും ഈ അപവാദം പറഞ്ഞുപരത്തിയവര്‍ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു വിഭാഗമാണ്. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കരുതേണ്ട. മറിച്ച് അത് നിങ്ങള്‍ക്കു ഗുണകരമാണ്. അവരിലോരോരുത്തര്‍ക്കും താന്‍ സമ്പാദിച്ച പാപത്തിന്റെ ഫലമുണ്ട്. അതോടൊപ്പം അതിനു നേതൃത്വം നല്‍കിയവന് കടുത്ത ശിക്ഷയുമുണ്ട്.
ആ വാര്‍ത്ത കേട്ടപ്പോള്‍തന്നെ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്ക് സ്വന്തം ആളുകളെപ്പറ്റി നല്ലതു വിചാരിക്കാമായിരുന്നില്ലേ? “ഇതു തികഞ്ഞ അപവാദമാണെ”ന്ന് അവര്‍ പറയാതിരുന്നതെന്തുകൊണ്ട്?
ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കുണ്ടായിരുന്നില്ലെങ്കില്‍, ഈ അപവാദവാര്‍ത്തകളില്‍ മുഴുകിക്കഴിഞ്ഞതിന്റെ പേരില്‍ നിങ്ങളെ കഠിനമായ ശിക്ഷ ബാധിക്കുമായിരുന്നു.
നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവുകൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങളുടെ വായകൊണ്ടു പറഞ്ഞുപരത്തി. അപ്പോള്‍ നിങ്ങളത് നന്നെ നിസ്സാരമാണെന്നുകരുതി. എന്നാല്‍ അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്.
അതുകേട്ട ഉടനെ നിങ്ങളെന്തുകൊണ്ടിങ്ങനെ പറഞ്ഞില്ല: \"നമുക്ക് ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് സംസാരിക്കാന്‍ പാടില്ല. അല്ലാഹുവേ നീയെത്ര പരിശുദ്ധന്‍! ഇത് അതിഗുരുതരമായ അപവാദം തന്നെ.”
നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
അഥവാ, നിങ്ങള്‍ അവിടെ ആരെയും കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അനുവാദം കിട്ടുംവരെ അകത്തുകടക്കരുത്. നിങ്ങളോട് തിരിച്ചുപോകാനാണ് ആവശ്യപ്പെട്ടതെങ്കില്‍ നിങ്ങള്‍ മടങ്ങിപ്പോവണം. അതാണ് നിങ്ങള്‍ക്കേറെ പവിത്രമായ നിലപാട്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും നന്നായറിയുന്നവനാണ്.
നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്.
നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്.
വിവാഹം കഴിക്കാന്‍ കഴിവില്ലാത്തവര്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കരുത്തുറ്റവരാക്കുംവരെ സദാചാരനിഷ്ഠ പാലിക്കണം. നിങ്ങളുടെ അടിമകളില്‍ മോചനക്കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരുമായി നിങ്ങള്‍ മോചനക്കരാറുണ്ടാക്കുക. അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍! അല്ലാഹു നിങ്ങള്‍ക്കേകിയ അവന്റെ ധനത്തില്‍നിന്ന് അവര്‍ക്ക് കൊടുക്കുകയും ചെയ്യുക. ഭൌതികനേട്ടം കൊതിച്ച്, നിങ്ങളുടെ അടിമസ്ത്രീകളെ- അവര്‍ ചാരിത്രവതികളായി ജീവിക്കാനാഗ്രഹിക്കുമ്പോള്‍- നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്. ആരെങ്കിലുമവരെ അതിനു നിര്‍ബന്ധിക്കുകയാണെങ്കില്‍ ആ നിര്‍ബന്ധിതരോട് അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമല്ലോ.
അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.
ആ വെളിച്ചം ലഭിച്ചവരുണ്ടാവുക ചില മന്ദിരങ്ങളിലാണ്. അവ പടുത്തുയര്‍ത്താനും അവിടെ തന്റെ നാമം ഉരുവിടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവിടെ അവന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നു.
കച്ചവടമോ കൊള്ളക്കൊടുക്കകളോ അല്ലാഹുവെ സ്മരിക്കുന്നതിനും നമസ്കാരം നിലനിര്‍ത്തുന്നതിനും സകാത്ത് നല്‍കുന്നതിനും തടസ്സമാകാത്ത ചില വിശുദ്ധന്മാരാണ് അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. മനസ്സുകള്‍ താളംതെറ്റുകയും കണ്ണുകള്‍ ഇളകിമറിയുകയും ചെയ്യുന്ന അന്ത്യനാളിനെ ഭയപ്പെടുന്നവരാണവര്‍.
അല്ലാഹു അവര്‍ക്ക് തങ്ങള്‍ ചെയ്ത ഏറ്റം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാനാണത്. അവര്‍ക്ക് തന്റെ അനുഗ്രഹം കൂടുതലായി കൊടുക്കാനും. അല്ലാഹു താനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു.
സത്യത്തെ തള്ളിപ്പറഞ്ഞവരുടെ സ്ഥിതിയോ, അവരുടെ പ്രവര്‍ത്തനങ്ങള്‍ മരുപ്പറമ്പിലെ മരീചികപോലെയാണ്. ദാഹിച്ചുവലഞ്ഞവന്‍ അത് വെള്ളമാണെന്നു കരുതുന്നു. അങ്ങനെ അവനതിന്റെ അടുത്തുചെന്നാല്‍ അവിടെയൊന്നുംതന്നെ കാണുകയില്ല. എന്നാല്‍ അവനവിടെ കണ്ടെത്തുക അല്ലാഹുവെയാണ്. അല്ലാഹു അവന്ന് തന്റെ കണക്ക് തീര്‍ത്തുകൊടുക്കുന്നു. അല്ലാഹു അതിവേഗം കണക്കു തീര്‍ക്കുന്നവനാണ്.
അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല.
ആകാശഭൂമികളിലുള്ളവര്‍; ചിറകുവിരുത്തിപ്പറക്കുന്ന പക്ഷികള്‍; എല്ലാം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നത് നീ കണ്ടിട്ടില്ലേ? തന്റെ പ്രാര്‍ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് ഓരോന്നിനും നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
അല്ലാഹു കാര്‍മേഘത്തെ മന്ദംമന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അട്ടിയാക്കിവെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകള്‍പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിച്ഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിച്ഛിക്കുന്നവരില്‍നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്.
അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ ചരിക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.
അവരുടെ ഹൃദയങ്ങളില്‍ കാപട്യത്തിന്റെ ദീനമുണ്ടോ? അല്ലെങ്കിലവര്‍ സംശയത്തിലകപ്പെട്ടതാണോ? അതുമല്ലെങ്കില്‍ അല്ലാഹുവും അവന്റെ ദൂതനും അവരോട് അനീതി കാണിച്ചേക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? എന്നാല്‍ കാര്യം ഇതൊന്നുമല്ല; അവര്‍ തന്നെയാണ് ധിക്കാരികള്‍.
നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: \"അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കുപകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും.” അവര്‍ എനിക്കു മാത്രമാണ് വഴിപ്പെടുക. എന്നിലൊന്നിനെയും പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും സത്യത്തെ നിഷേധിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് ധിക്കാരികള്‍.
വിശ്വസിച്ചവരേ, നിങ്ങളുടെ അടിമകളും നിങ്ങളിലെ പ്രായപൂര്‍ത്തിയെത്താത്തവരും മൂന്നു പ്രത്യേക സമയങ്ങളില്‍ അനുവാദം വാങ്ങിയശേഷമേ നിങ്ങളുടെയടുത്തു വരാന്‍ പാടുള്ളൂ. പ്രഭാത നമസ്കാരത്തിനു മുമ്പും ഉച്ചയുറക്കിന് നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന നേരത്തും ഇശാ നമസ്കാരത്തിനുശേഷവുമാണത്. ഇതുമൂന്നും നിങ്ങളുടെ സ്വകാര്യ സമയങ്ങളാണ്. മറ്റുസമയങ്ങളില്‍ അനുവാദമാരായാതെ നിങ്ങളുടെ അടുത്തുവരുന്നതില്‍ നിങ്ങള്‍ക്കോ അവര്‍ക്കോ കുറ്റമില്ല. അവര്‍ നിങ്ങളെ ചുറ്റിപ്പറ്റിക്കഴിയുന്നവരാണല്ലോ. നിങ്ങള്‍അന്യോന്യം ഇടകലര്‍ന്ന് ജീവിക്കുന്നവരുമാണ്. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.
നിങ്ങളിലെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അനുവാദം തേടണം; മറ്റുള്ളവര്‍ അനുവാദം തേടുന്നപോലെത്തന്നെ. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിശദീകരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
വിവാഹജീവിതം കൊതിക്കാത്ത കിഴവികള്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുവെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവര്‍ തങ്ങളുടെ ശരീരസൌന്ദര്യം പ്രദര്‍ശിപ്പിക്കുന്നവരാകരുത്. മാന്യത പുലര്‍ത്തുന്നതുതന്നെയാണ് അവര്‍ക്കും നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
അല്ലാഹുവിലും അവന്റെ ദൂതനിലും ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. പ്രവാചകനോടൊപ്പം ഏതെങ്കിലും പൊതുകാര്യത്തിലായിരിക്കെ, അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞുപോവുകയില്ല. നിന്നോട് അനുവാദം ചോദിക്കുന്നവര്‍ ഉറപ്പായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നവരാണ്. അതിനാല്‍ അവര്‍ തങ്ങളുടെ എന്തെങ്കിലും ആവശ്യനിര്‍വഹണത്തിന് നിന്നോട് അനുവാദം തേടിയാല്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് അനുവാദം നല്‍കുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
നിങ്ങളോടുള്ള ദൈവദൂതന്റെ വിളി നിങ്ങള്‍ അന്യോന്യം വിളിക്കുംവിധംകരുതി അവഗണിക്കരുത്. മറ്റുള്ളവരെ മറയാക്കി നിങ്ങളില്‍നിന്ന് ഊരിച്ചാടുന്നവരെ അല്ലാഹു നന്നായറിയുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ കല്‍പന ലംഘിക്കുന്നവര്‍ തങ്ങളെ വല്ലവിപത്തും ബാധിക്കുമെന്നോ നോവേറിയ ശിക്ഷ പിടികൂടുമെന്നോ തീര്‍ച്ചയായും ഭയപ്പെട്ടുകൊള്ളട്ടെ.