Malayalam

Surah ഗാഫിര് - Aya count 85
Share
ഹാ-മീം.
ഈ ഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം.
സത്യനിഷേധികളല്ലാത്തവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ പറ്റി തര്‍ക്കിക്കുകയില്ല. അതിനാല്‍ നാടുകളില്‍ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ.
അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും അവരുടെ ശേഷമുള്ള കക്ഷികളും (സത്യത്തെ) നിഷേധിച്ചു തള്ളിക്കളയുകയുണ്ടായി. ഓരോ സമുദായവും തങ്ങളുടെ റസൂലിനെ പിടികൂടാന്‍ ഉദ്യമിക്കുകയും, അസത്യത്തെകൊണ്ട് സത്യത്തെ തകര്‍ക്കുവാന്‍ വേണ്ടി അവര്‍ തര്‍ക്കം നടത്തുകയും ചെയ്തു. തന്നിമിത്തം ഞാന്‍ അവരെ പിടികൂടി. അപ്പോള്‍ എന്‍റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു!
സത്യനിഷേധികളുടെ മേല് ‍, അവര്‍ നരകാവകാശികളാണ് എന്നുള്ള നിന്‍റെ രക്ഷിതാവിന്‍റെ വചനം അപ്രകാരം സ്ഥിരപ്പെട്ട് കഴിഞ്ഞു.
സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.
അവരെ നീ തിന്‍മകളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്‍മകളില്‍ നിന്ന് കാക്കുന്നുവോ, അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാകുന്നു മഹാഭാഗ്യം.
തീര്‍ച്ചയായും സത്യനിഷേധികളോട് ഇപ്രകാരം വിളിച്ചുപറയപ്പെടും: നിങ്ങള്‍ വിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുകയും, എന്നിട്ട് നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ അല്ലാഹുവിന് (നിങ്ങളോടുള്ള) അമര്‍ഷം നിങ്ങള്‍ തമ്മിലുള്ള അമര്‍ഷത്തെക്കാള്‍ വലുതാകുന്നു.
അവര്‍ പറയും: ഞങ്ങളുടെ നാഥാ! രണ്ടുപ്രാവശ്യം നീ ഞങ്ങളെ നിര്‍ജീവാവസ്ഥയിലാക്കുകയും രണ്ടുപ്രാവശ്യം നീ ഞങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങള്‍ സമ്മതിച്ചിരിക്കുന്നു. ആകയാല്‍ ഒന്നു പുറത്ത്പോകേണ്ടതിലേക്ക് വല്ല മാര്‍ഗവുമുണ്ടോ?
അല്ലാഹുവോട് മാത്രം പ്രാര്‍ത്ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും, അവനോട് പങ്കാളികള്‍ കൂട്ടിചേര്‍ക്കപ്പെട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നത് നിമിത്തമത്രെ അത്‌. എന്നാല്‍ (ഇന്ന്‌) വിധികല്‍പിക്കാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹുവിനാകുന്നു.
അവനാണ് നിങ്ങള്‍ക്ക് തന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നത്‌. ആകാശത്ത് നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു. (അവങ്കലേക്ക്‌) മടങ്ങുന്നവര്‍ മാത്രമേ ആലോചിച്ച് ഗ്രഹിക്കുകയുള്ളൂ.
അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അവിശ്വാസികള്‍ക്ക് അനിഷ്ടകരമായാലും ശരി.
അവന്‍ പദവികള്‍ ഉയര്‍ന്നവനും സിംഹാസനത്തിന്‍റെ അധിപനുമാകുന്നു. തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സന്ദേശമാകുന്ന ചൈതന്യം അവന്‍ നല്‍കുന്നു. (മനുഷ്യര്‍) പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെപ്പറ്റി താക്കീത് നല്‍കുന്നതിന് വേണ്ടിയത്രെ അത്‌.
അവര്‍ വെളിക്കു വരുന്ന ദിവസമത്രെ അത്‌. അവരെ സംബന്ധിച്ച് യാതൊരു കാര്യവും അല്ലാഹുവിന്ന് ഗോപ്യമായിരിക്കുകയില്ല. ഈ ദിവസം ആര്‍ക്കാണ് രാജാധികാരം? ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവിന്‌.
ഈ ദിവസം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടും. ഈ ദിവസം അനീതിയില്ല. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാകുന്നു.
ആസന്നമായ ആ സംഭവത്തിന്‍റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല.
കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു.
അല്ലാഹു സത്യപ്രകാരം തീര്‍പ്പുകല്‍പിക്കുന്നു. അവന്ന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരാകട്ടെ യാതൊന്നിലും തീര്‍പ്പുകല്‍പിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും കണ്ടറിയുന്നവനും.
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോള്‍ ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവര്‍ക്ക് നോക്കാമല്ലോ. അവര്‍ ശക്തികൊണ്ടും ഭൂമിയില്‍ (അവശേഷിപ്പിച്ച) സ്മാരകങ്ങള്‍കൊണ്ടും ഇവരെക്കാള്‍ കരുത്തരായിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് കാവല്‍ നല്‍കാന്‍ ആരുമുണ്ടായില്ല.
അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. എന്നിട്ട് അവര്‍ അവിശ്വസിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹു അവരെ പിടികൂടി. തീര്‍ച്ചയായും അവന്‍ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമത്രെ.
തീര്‍ച്ചയായും നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട് മൂസായെ അയക്കുകയുണ്ടായി
ഫിര്‍ഔന്‍റെയും ഹാമാന്‍റെയും ഖാറൂന്‍റെയും അടുക്കലേക്ക് . അപ്പോള്‍ അവര്‍ പറഞ്ഞു: വ്യാജവാദിയായ ഒരു ജാലവിദ്യക്കാരന്‍ എന്ന്‌.
അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യവും കൊണ്ട് അദ്ദേഹം അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍മക്കളെ നിങ്ങള്‍ കൊന്നുകളയുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. (പക്ഷെ) സത്യനിഷേധികളുടെ കുതന്ത്രം വഴികേടില്‍ മാത്രമേ കലാശിക്കൂ.
ഫിര്‍ഔന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന്‍ അവന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റി മറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്‌, വിചാരണയുടെ ദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു.
ഫിര്‍ഔന്‍റെ ആള്‍ക്കാരില്‍പ്പെട്ട - തന്‍റെ വിശ്വാസം മറച്ചു വെച്ചുകൊണ്ടിരുന്ന - ഒരു വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ട്‌. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ കള്ളം പറയുന്നതിന്‍റെ ദോഷം അദ്ദേഹത്തിന് തന്നെയാണ്‌. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങള്‍ക്ക് താക്കീത് നല്‍കുന്ന ചില കാര്യങ്ങള്‍ (ശിക്ഷകള്‍) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
എന്‍റെ ജനങ്ങളേ, ഭൂമിയില്‍ മികച്ചുനില്‍ക്കുന്നവര്‍ എന്ന നിലയില്‍ ഇന്ന് ആധിപത്യം നിങ്ങള്‍ക്ക് തന്നെ. എന്നാല്‍ അല്ലാഹുവിന്‍റെ ശിക്ഷ നമുക്ക് വന്നാല്‍ അതില്‍ നിന്ന് നമ്മെ രക്ഷിച്ചു സഹായിക്കാന്‍ ആരുണ്ട്‌? ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ (ശരിയായി) കാണുന്ന മാര്‍ഗം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നത്‌. ശരിയായ മാര്‍ഗത്തിലേക്കല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുകയില്ല.
ആ വിശ്വസിച്ച ആള്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന് തീര്‍ച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാന്‍ ഭയപ്പെടുന്നു.
അതായത് നൂഹിന്‍റെ ജനതയുടെയും ആദിന്‍റെയും ഥമൂദിന്‍റെയും അവര്‍ക്ക് ശേഷമുള്ളവരുടെയും അനുഭവത്തിന് തുല്യമായത്‌. ദാസന്‍മാരോട് യാതൊരു അക്രമവും ചെയ്യാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.
എന്‍റെ ജനങ്ങളേ, (നിങ്ങള്‍) പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തില്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
അതായത് നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്നും രക്ഷനല്‍കുന്ന ഒരാളും നിങ്ങള്‍ക്കില്ല. ഏതൊരാളെ അല്ലാഹു വഴിതെറ്റിക്കുന്നുവോ, അവന് നേര്‍വഴി കാണിക്കാന്‍ ആരുമില്ല.
വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട്‌. അപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങള്‍ സംശയത്തിലായിക്കൊണേ്ടയിരുന്നു. എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞു. അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു.
അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്‍റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു.
ഫിര്‍ഔന്‍ പറഞ്ഞു. ഹാമാനേ, എനിക്ക് ആ മാര്‍ഗങ്ങളില്‍ എത്താവുന്ന വിധം എനിക്കു വേണ്ടി നീ ഒരു ഉന്നത സൌധം പണിതു തരൂ!
അഥവാ ആകാശമാര്‍ഗങ്ങളില്‍. എന്നിട്ടു മൂസായുടെ ദൈവത്തിന്‍റെ അടുത്തേക്ക് എത്തിനോക്കുവാന്‍. തീര്‍ച്ചയായും അവന്‍ (മൂസാ) കളവു പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്‌. അപ്രകാരം ഫിര്‍ഔന് തന്‍റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന് അവന്‍ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു.
ആ വിശ്വസിച്ച വ്യക്തി പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്നെ പിന്തുടരൂ. ഞാന്‍ നിങ്ങള്‍ക്ക് വിവേകത്തിന്‍റെ മാര്‍ഗം കാട്ടിത്തരാം.
എന്‍റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്‌. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം.
ആരെങ്കിലും ഒരു തിന്‍മപ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും.
എന്‍റെ ജനങ്ങളേ, എനിക്കെന്തൊരനുഭവം! ഞാന്‍ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു. നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു.
ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.
നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ത്ഥനയും ഉണ്ടാകാവുന്നതല്ല എന്നതും, നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും, അതിക്രമകാരികള്‍ തന്നെയാണ് നരകാവകാശികള്‍ എന്നതും ഉറപ്പായ കാര്യമാകുന്നു.
എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നത് വഴിയെ നിങ്ങള്‍ ഓര്‍ക്കും. എന്‍റെ കാര്യം ഞാന്‍ അല്ലാഹുവിങ്കലേക്ക് ഏല്‍പിച്ച് വിടുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔന്‍റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി.
നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്‍റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക. (എന്ന് കല്‍പിക്കപ്പെടും)
നരകത്തില്‍ അവര്‍ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന് ജീവിക്കുകയായിരുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
അഹംഭാവം നടിച്ചവര്‍ പറയും: തീര്‍ച്ചയായും നമ്മളെല്ലാം ഇതില്‍ തന്നെയാകുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്‍മാര്‍ക്കിടയില്‍ വിധി കല്‍പിച്ചു കഴിഞ്ഞു.
നരകത്തിലുള്ളവര്‍ നരകത്തിന്‍റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചു തരട്ടെ.
അവര്‍ (കാവല്‍ക്കാര്‍) പറയും: നിങ്ങളിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ പറയും: അതെ. അവര്‍ (കാവല്‍ക്കാര്‍) പറയും: എന്നാല്‍ നിങ്ങള്‍ തന്നെ പ്രാര്‍ത്ഥിച്ചു കൊള്ളുക. സത്യനിഷേധികളുടെ പ്രാര്‍ത്ഥന വൃഥാവിലായിപ്പോകുകയേയുള്ളൂ.
തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെയും വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികള്‍ രംഗത്തു വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും.
അതായത് അക്രമികള്‍ക്ക് അവരുടെ ഒഴികഴിവ് പ്രയോജനപ്പെടാത്ത ദിവസം. അവര്‍ക്കാകുന്നു ശാപം. അവര്‍ക്കാകുന്നു ചീത്തഭവനം.
മൂസായ്ക്ക് നാം മാര്‍ഗദര്‍ശനം നല്‍കുകയും, ഇസ്രായീല്യരെ നാം വേദഗ്രന്ഥത്തിന്‍റെ അവകാശികളാക്കിത്തീര്‍ക്കുകയും ചെയ്തു.
ബുദ്ധിയുള്ളവര്‍ക്ക് മാര്‍ഗദര്‍ശനവും ഉല്‍ബോധനവുമായിരുന്നു അത്‌.
അതിനാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. നിന്‍റെ പാപത്തിന് നീ മാപ്പുതേടുകയും വൈകുന്നേരവും രാവിലെയും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക.
തങ്ങള്‍ക്ക് യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതാരോ അവരുടെ ഹൃദയങ്ങളില്‍ തീര്‍ച്ചയായും അഹങ്കാരം മാത്രമേയുള്ളൂ. അവര്‍ അവിടെ എത്തുന്നതേ അല്ല. അതുകൊണ്ട് നീ അല്ലാഹുവോട് ശരണം തേടുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും.
തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
അന്ധനും കാഴ്ചയുള്ളവനും സമമാകുകയില്ല. വിശ്വസിച്ച് സല്‍കര്‍മ്മങ്ങള്‍ ചെയ്തവരും ദുഷ്കൃത്യം ചെയ്തവരും സമമാകുകയില്ല. ചുരുക്കത്തില്‍ മാത്രമേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.
ആ അന്ത്യസമയം വരാനുള്ളത് തന്നെയാണ്‌. അതില്‍ സംശയമേ ഇല്ല. പക്ഷെ മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല.
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.
അല്ലാഹുവാകുന്നു നിങ്ങള്‍ക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവന്‍. തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.
അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സന്‍മാര്‍ഗത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?
അപ്രകാരം തന്നെയാണ് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരുന്നവര്‍ (സന്‍മാര്‍ഗത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌.
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.
അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.
(നബിയേ,) പറയുക: എന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് എനിക്ക് തെളിവുകള്‍ വന്നുകിട്ടിയിരിക്കെ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. ലോകങ്ങളുടെ രക്ഷിതാവിന് ഞാന്‍ കീഴ്പെടണമെന്ന് കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തു കൊണ്ട് വരുന്നു. പിന്നീട് നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി.
അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. ഒരു കാര്യം അവന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ഉണ്ടാകൂ എന്ന് അതിനോട് അവന്‍ പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അത് ഉണ്ടാകുന്നു.
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരുടെ നേര്‍ക്ക് നീ നോക്കിയില്ലേ? എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത് എന്ന്‌.
വേദഗ്രന്ഥത്തെയും, നാം നമ്മുടെ ദൂതന്‍മാരെ അയച്ചത് എന്തൊരു ദൌത്യം കൊണ്ടാണോ അതിനെയും നിഷേധിച്ചു കളഞ്ഞവരത്രെ അവര്‍. എന്നാല്‍ വഴിയെ അവര്‍ അറിഞ്ഞു കൊള്ളും.
അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം.
ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട് അവര്‍ നരകാഗ്നിയില്‍ എരിക്കപ്പെടുകയും ചെയ്യും.
പിന്നീട് അവരോട് പറയപ്പെടും: നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തിരുന്നവര്‍ എവിടെയാകുന്നു?
അല്ലാഹുവിന് പുറമെ. അവര്‍ പറയും: അവര്‍ ഞങ്ങളെ വിട്ട് അപ്രത്യക്ഷരായിരിക്കുന്നു. അല്ല, ഞങ്ങള്‍ മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നത് യാതൊന്നിനോടുമായിരുന്നില്ല. അപ്രകാരം അല്ലാഹു സത്യനിഷേധികളെ പിഴവിലാക്കുന്നു.
ന്യായമില്ലാതെ നിങ്ങള്‍ ഭൂമിയില്‍ ആഹ്ലാദം കൊണ്ടിരുന്നതിന്‍റെയും, ഗര്‍വ്വ് നടിച്ചിരുന്നതിന്‍റെയും ഫലമത്രെ അത്‌.
നരകത്തിന്‍റെ കവാടങ്ങളിലൂടെ അതില്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ കടന്നു കൊള്ളുക. അഹങ്കാരികളുടെ പാര്‍പ്പിടം ചീത്ത തന്നെ. (എന്ന് അവരോട് പറയപ്പെടും.)
അതിനാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. എന്നാല്‍ നാം അവര്‍ക്ക് താക്കീത് നല്‍കുന്ന ശിക്ഷയില്‍ ചിലത് നിനക്ക് നാം കാണിച്ചുതരുന്നതായാലും (അതിന്നിടക്കു തന്നെ) നിന്നെ നാം മരിപ്പിക്കുന്നതായാലും നമ്മുടെ അടുത്തേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നത്‌.
നിനക്ക് മുമ്പ് നാം പല ദൂതന്‍മാരെയും അയച്ചിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. യാതൊരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല. എന്നാല്‍ അല്ലാഹുവിന്‍റെ കല്‍പന വന്നാല്‍ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്‌. അസത്യവാദികള്‍ അവിടെ നഷ്ടത്തിലാവുകയും ചെയ്യും.
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി കന്നുകാലികളെ സൃഷ്ടിച്ചു തന്നവന്‍. അവയില്‍ ചിലതിനെ നിങ്ങള്‍ വാഹനമായി ഉപയോഗിക്കുന്നതിന് വേണ്ടി. അവയില്‍ ചിലതിനെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ക്ക് അവയില്‍ പല പ്രയോജനങ്ങളുമുണ്ട്‌. അവ മുഖേന നിങ്ങളുടെ ഹൃദയങ്ങളിലുള്ള വല്ല ആവശ്യത്തിലും നിങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്നു. അവയുടെ പുറത്തും കപ്പലുകളിലുമായി നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു.
അവന്‍റെ ദൃഷ്ടാന്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ എതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
എന്നാല്‍ അവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് കാണാന്‍ അവര്‍ ഭൂമിയില്‍ സഞ്ചരിച്ചു നോക്കിയിട്ടില്ലേ? അവര്‍ ഇവരെക്കാള്‍ എണ്ണം കൂടിയവരും, ശക്തികൊണ്ടും ഭൂമിയില്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങള്‍ കൊണ്ടും ഏറ്റവും പ്രബലന്‍മാരുമായിരുന്നു. എന്നിട്ടും അവര്‍ നേടിയെടുത്തിരുന്നതൊന്നും അവര്‍ക്ക് പ്രയോജനപ്പെട്ടില്ല.
അങ്ങനെ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവരുടെ പക്കലുള്ള അറിവുകൊണ്ട് അവര്‍ തൃപ്തിയടയുകയാണ് ചെയ്തത്‌. എന്തൊന്നിനെപ്പറ്റി അവര്‍ പരിഹസിച്ചിരുന്നുവോ അത് (ശിക്ഷ) അവരെ വലയം ചെയ്യുകയുമുണ്ടായി.
എന്നിട്ട് നമ്മുടെ ശിക്ഷ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുകയും അവനോട് ഞങ്ങള്‍ പങ്കുചേര്‍ത്തിരുന്നതില്‍ (ദൈവങ്ങളില്‍) ഞങ്ങള്‍ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
എന്നാല്‍ അവര്‍ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യത്തില്‍ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്‌. അവിടെ സത്യനിഷേധികള്‍ നഷ്ടത്തിലാവുകയും ചെയ്തു.