Malayalam
Surah ഷുഅറാ - Aya count 77
തന്‍റെ ദാസന്‍റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്.
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവന്‍.) അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
അവന്ന് പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ (ദൈവങ്ങള്‍) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല.
സത്യനിഷേധികള്‍ പറഞ്ഞു: ഇത് (ഖുര്‍ആന്‍) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന് സഹായിച്ചിട്ടുമുണ്ട്. എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ് ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്.
ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്ന് വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.
(നബിയേ,) പറയുക: ആകാശങ്ങളിലെയും ഭൂമിയിലെയും രഹസ്യമറിയുന്നവനാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല?
അല്ലെങ്കില്‍ എന്ത് കൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് (കായ്കനികള്‍) എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.
അവര്‍ നിന്നെക്കുറിച്ച് എങ്ങനെയാണ് ചിത്രീകരണങ്ങള്‍ നടത്തിയതെന്ന് നോക്കൂ. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ യാതൊരു മാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല.
താന്‍ ഉദ്ദേശിക്കുന്ന പക്ഷം അതിനെക്കാള്‍ ഉത്തമമായത് അഥവാ താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന തോപ്പുകള്‍ നിനക്ക് നല്‍കുവാനും നിനക്ക് കൊട്ടാരങ്ങള്‍ ഉണ്ടാക്കിത്തരുവാനും കഴിവുള്ളവനാരോ അവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു.
അല്ല, അന്ത്യസമയത്തെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കുന്നു. അന്ത്യസമയത്തെ നിഷേധിച്ച് തള്ളിയവര്‍ക്ക് കത്തിജ്വലിക്കുന്ന നരകം നാം ഒരുക്കിവെച്ചിരിക്കുന്നു.
ദൂരസ്ഥലത്ത് നിന്ന് തന്നെ അത് അവരെ കാണുമ്പോള്‍ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവര്‍ക്ക് കേള്‍ക്കാവുന്നതാണ്.
അതില്‍ (നരകത്തില്‍) ഒരു ഇടുങ്ങിയ സ്ഥലത്ത് ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട നിലയില്‍ അവരെ ഇട്ടാല്‍ അവിടെ വെച്ച് അവര്‍ നാശമേ, എന്ന് വിളിച്ചുകേഴുന്നതാണ്.
ഇന്ന് നിങ്ങള്‍ ഒരു നാശത്തെ വിളിക്കേണ്ടതില്ല. ധാരാളം നാശത്തെ വിളിച്ചുകൊള്ളുക. (എന്നായിരിക്കും അവര്‍ക്ക് കിട്ടുന്ന മറുപടി)
(നബിയേ,) പറയുക; അതാണോ ഉത്തമം, അതല്ല ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശാശ്വത സ്വര്‍ഗമാണോ? അതായിരിക്കും അവര്‍ക്കുള്ള പ്രതിഫലവും ചെന്ന് ചേരാനുള്ള സ്ഥലവും.
തങ്ങള്‍ ഉദ്ദേശിക്കുന്നതെന്തും അവര്‍ക്കവിടെ ഉണ്ടായിരിക്കുന്നതാണ്. അവര്‍ നിത്യവാസികളായിരിക്കും. അത് നിന്‍റെ രക്ഷിതാവ് ബാധ്യത ഏറ്റിട്ടുള്ള വാഗ്ദാനമാകുന്നു. ചോദിക്കപ്പെടാവുന്നതുമാകുന്നു.
അവരെയും അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയെയും അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) എന്നിട്ടവന്‍ (ആരാധ്യരോട്) പറയും: എന്‍റെ ഈ ദാസന്‍മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ അതല്ല അവര്‍ തന്നെ വഴിതെറ്റിപ്പോയതാണോ?
അവര്‍ (ആരാധ്യര്‍) പറയും: നീ എത്ര പരിശുദ്ധന്‍! നിനക്ക് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത് ഞങ്ങള്‍ക്ക് യോജിച്ചതല്ല. പക്ഷെ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്‍കി. അങ്ങനെ അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.
അപ്പോള്‍ ബഹുദൈവാരാധകരോട് അല്ലാഹു പറയും:) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി (ശിക്ഷ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്‍ക്ക് സാധിക്കുന്നതല്ല. അതിനാല്‍ (മനുഷ്യരേ,) നിങ്ങളില്‍ നിന്ന് അക്രമം ചെയ്തവരാരോ അവന്ന് നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.
ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക് മുമ്പ് ദൂതന്‍മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങള്‍ ക്ഷമിക്കുമോ എന്ന് നോക്കാനായി നിങ്ങളില്‍ ചിലരെ ചിലര്‍ക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. (നിന്‍റെ രക്ഷിതാവ് (എല്ലാം) കണ്ടറിയുന്നവനാകുന്നു.
നമ്മെ കണ്ടുമുട്ടാന്‍ ആശിക്കാത്തവര്‍ പറഞ്ഞു: നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, നമ്മുടെ രക്ഷിതാവിനെ നാം (നേരില്‍) കാണുകയോ ചെയ്യാത്തതെന്താണ്? തീര്‍ച്ചയായും അവര്‍ സ്വയം ഗര്‍വ്വ് നടിക്കുകയും, വലിയ ധിക്കാരം കാണിക്കുകയും ചെയ്തിരിക്കുന്നു.
മലക്കുകളെ അവര്‍ കാണുന്ന ദിവസം(ശ്രദ്ധേയമാകുന്നു.) അന്നേ ദിവസം കുറ്റവാളികള്‍ക്ക് യാതൊരു സന്തോഷവാര്‍ത്തയുമില്ല. കര്‍ക്കശമായ വിലക്ക് കല്‍പിക്കപ്പെട്ടിരിക്കുകയാണ് എന്നായിരിക്കും അവര്‍ (മലക്കുകള്‍) പറയുക.
അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.
അന്ന് സ്വര്‍ഗവാസികള്‍ ഉത്തമമായ വാസസ്ഥലവും ഏറ്റവും നല്ല വിശ്രമസ്ഥലവുമുള്ളവരായിരിക്കും.
ആകാശം പൊട്ടിപ്പിളര്‍ന്ന് വെണ്‍മേഘപടലം പുറത്ത് വരുകയും, മലക്കുകള്‍ ശക്തിയായി ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം.
അന്ന് യഥാര്‍ത്ഥമായ ആധിപത്യം പരമകാരുണികന്നായിരിക്കും. സത്യനിഷേധികള്‍ക്ക് വിഷമകരമായ ഒരു ദിവസമായിരിക്കും അത്.
അക്രമം ചെയ്തവന്‍ തന്‍റെ കൈകള്‍ കടിക്കുന്ന ദിവസം. അവന്‍ പറയും റസൂലിന്‍റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ,
എന്‍റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.
എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു.
(അന്ന്) റസൂല്‍ പറയും: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു.
അപ്രകാരം തന്നെ ഓരോ പ്രവാചകന്നും കുറ്റവാളികളില്‍ പെട്ട ചില ശത്രുക്കളെ നാം ഏര്‍പെടുത്തിയിരിക്കുന്നു. മാര്‍ഗദര്‍ശകനായും സഹായിയായും നിന്‍റെ രക്ഷിതാവ് തന്നെ മതി.
സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റതവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്. അത് കൊണ്ട് നിന്‍റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു.
അവര്‍ ഏതൊരു പ്രശ്നവും കൊണ്ട് നിന്‍റെ അടുത്ത് വരികയാണെങ്കിലും അതിന്‍റെ യാഥാര്‍ത്ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക് നാം കൊണ്ട് വന്ന് തരാതിരിക്കില്ല.
മുഖങ്ങള്‍ നിലത്ത് കുത്തിയ നിലയില്‍ നരകത്തിലേക്ക് തെളിച്ചു കൂട്ടപ്പെടുന്നവരാരോ അവരാണ് ഏറ്റവും മോശമായ സ്ഥാനത്ത് നില്‍ക്കുന്നവരും, ഏറ്റവും വഴിപിഴച്ചു പോയവരും.
മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയും, അദ്ദേഹത്തിന്‍റെ സഹോദരന്‍ ഹാറൂനെ അദ്ദേഹത്തോടൊപ്പം നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു.
എന്നിട്ട് നാം പറഞ്ഞു: നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു കളഞ്ഞ ജനതയുടെ അടുത്തേക്ക് നിങ്ങള്‍ പോകുക തുടര്‍ന്ന് നാം ആ ജനതയെ പാടെ തകര്‍ത്തു കളഞ്ഞു.
നൂഹിന്‍റെ ജനതയേയും (നാം നശിപ്പിച്ചു.) അവര്‍ ദൂതന്‍മാരെ നിഷേധിച്ചു കളഞ്ഞപ്പോള്‍ നാം അവരെ മുക്കി നശിപ്പിച്ചു. അവരെ നാം മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു. അക്രമികള്‍ക്ക് (പരലോകത്ത്) വേദനയേറിയ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
ആദ് സമുദായത്തേയും, ഥമൂദ് സമുദായത്തെയും, റസ്സുകാരെയും അതിന്നിടയിലായി അനേകം തലമുറകളേയും (നാം നശിപ്പിച്ചിട്ടുണ്ട്.)
എല്ലാവര്‍ക്കും നാം ഉദാഹരണങ്ങള്‍ വിവരിച്ചുകൊടുത്തു. (അത് തള്ളിക്കളഞ്ഞപ്പോള്‍) എല്ലാവരെയും നാം നിശ്ശേഷം നശിപ്പിച്ചു കളയുകയും ചെയ്തു.
ആ ചീത്ത മഴ വര്‍ഷിക്കപ്പെട്ട നാട്ടിലൂടെ ഇവര്‍ കടന്നുവന്നിട്ടുണ്ടല്ലോ. അപ്പോള്‍ ഇവരത് കണ്ടിരുന്നില്ലേ? അല്ല, ഇവര്‍ ഉയിര്‍ത്തെഴുന്നേല്‍പ് പ്രതീക്ഷിക്കാത്തവരാകുന്നു.
നിന്നെ അവര്‍ കാണുമ്പോള്‍ നിന്നെ ഒരു പരിഹാസപാത്രമാക്കിക്കൊണ്ട്, അല്ലാഹു ദൂതനായി നിയോഗിച്ചിരിക്കുന്നത് ഇവനെയാണോ? എന്ന് ചോദിക്കുക മാത്രമായിരിക്കും അവര്‍ ചെയ്യുന്നത്.
നമ്മുടെ ദൈവങ്ങളുടെ കാര്യത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിട്ടില്ലെങ്കില്‍ അവയില്‍ നിന്ന് ഇവന്‍ നമ്മെ തെറ്റിച്ചുകളയാനിടയാകുമായിരുന്നു (എന്നും അവര്‍ പറഞ്ഞു.) ശിക്ഷ നേരില്‍ കാണുന്ന സമയത്ത് അവര്‍ക്കറിയുമാറാകും; ആരാണ് ഏറ്റവും വഴിപിഴച്ചവന്‍ എന്ന്.
തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ ? എന്നിരിക്കെ നീ അവന്‍റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ?
അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍.
നിന്‍റെ രക്ഷിതാവിനെ സംബന്ധിച്ച് നീ ചിന്തിച്ച് നോക്കിയിട്ടില്ലേ? എങ്ങനെയാണ് അവന്‍ നിഴലിനെ നീട്ടിയത് എന്ന്. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ നിശ്ചലമാക്കുമായിരുന്നു. എന്നിട്ട് നാം സൂര്യനെ അതിന്ന് തെളിവാക്കി.
പിന്നീട് നമ്മുടെ അടുത്തേക്ക് നാം അതിനെ അല്‍പാല്‍പമായി പിടിച്ചെടുത്തു.
അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ് സമയമാക്കുകയും ചെയ്തിരിക്കുന്നു.
തന്‍റെ കാരുണ്യത്തിന്‍റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.
നിര്‍ജീവമായ നാടിന് അത് മുഖേന നാം ജീവന്‍ നല്‍കുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി.
അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല.
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാ നാട്ടിലും ഓരോ താക്കീതുകാരനെ നാം നിയോഗിക്കുമായിരുന്നു.
അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്. ഇത് (ഖുര്‍ആന്‍) കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക.
രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്‍റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.
അല്ലാഹുവിന് പുറമെ അവര്‍ക്ക് ഉപകാരമുണ്ടാക്കുകയോ ഉപദ്രവമുണ്ടാക്കുകയോ ചെയ്യാത്തതിനെ അവര്‍ ആരാധിക്കുന്നു. സത്യനിഷേധി തന്‍റെ രക്ഷിതാവിനെതിരെ (ദുശ്ശക്തികള്‍ക്ക്) പിന്തുണ നല്‍കുന്നവനായിരിക്കുന്നു.
(നബിയേ,) ഒരു സന്തോഷവാര്‍ത്തക്കാരനായിക്കൊണ്ടും, താക്കീതുകാരനായിക്കൊണ്ടുമല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.
പറയുക: ഞാന്‍ ഇതിന്‍റെ പേരില്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. വല്ലവനും നിന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിക്കണം എന്ന് ഉദ്ദേശിക്കുന്നുവെങ്കില്‍ (അങ്ങനെ ചെയ്യാം എന്ന്) മാത്രം.
ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്‍റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന്‍ തന്നെ മതി.
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട് അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട് തന്നെ ചോദിക്കുക.
പരമകാരുണികന് നിങ്ങള്‍ പ്രണാമം ചെയ്യുക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: എന്താണീ പരമകാരുണികന്‍ ? നീ ഞങ്ങളോട് കല്‍പിക്കുന്നതിന് ഞങ്ങള്‍ പ്രണാമം ചെയ്യുകയോ? അങ്ങനെ അത് അവരുടെ അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.
ആകാശത്ത് നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും (സൂര്യന്‍) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.
അവന്‍ തന്നെയാണ് രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച് മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക് (ദൃഷ്ടാന്തമായിരിക്കുവാനാണത്.)
പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.
തങ്ങളുടെ രക്ഷിതാവിന് പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന് നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍.
ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.
തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു.
ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.
അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.
വല്ലവനും പശ്ചാത്തപിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക് ശരിയായ നിലയില്‍ മടങ്ങുകയാണ് അവന്‍ ചെയ്യുന്നത്.
വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍.
തങ്ങളുടെ രക്ഷിതാവിന്‍റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട് അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍.
അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്‍റെ പേരില്‍ (സ്വര്‍ഗത്തില്‍) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്.
അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവും!
(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച് തള്ളിയിരിക്കുകയാണ്. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.