Malayalam

Surah ബഖറ - Aya count 286
Share
അലിഫ് ലാം മീം.
ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്‌.
അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും,
നിനക്കും നിന്റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍).
അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.
ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല.
അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്‌. (വാസ്തവത്തില്‍) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്‌. അവരത് മനസ്സിലാക്കുന്നില്ല.
അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക.
നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല.
മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല.
വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോള്‍ അവരോട് പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു.
എന്നാല്‍ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില്‍ വിഹരിക്കുവാന്‍ അവരെ അയച്ചുവിട്ടിരിക്കുകയുമാകുന്നു.
സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല.
അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു.
ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്‌) തിരിച്ചുവരികയില്ല.
അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്‌. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്‌.
മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നു പോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നു പോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്‌.
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌.
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.
നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌).
നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌.
(നബിയേ,) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന് മുമ്പ് ഞങ്ങള്‍ക്ക് നല്‍കപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. (വാസ്തവത്തില്‍) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക് നല്‍കപ്പെടുകയാണുണ്ടായത്‌.പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.
ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെപക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്‌. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല.
അല്ലാഹുവിന്റെഉത്തരവ് അവന്‍ ശക്തിയുക്തം നല്‍കിയതിന് ശേഷം അതിന് വിപരീതം പ്രവര്‍ത്തിക്കുകയും അല്ലാഹു കൂട്ടിചേര്‍ക്കുവാന്‍ കല്‍പിച്ചതിനെ മുറിച്ച് വേര്‍പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര്‍ (അധര്‍മ്മകാരികള്‍). അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍.
നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവന്‍കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും.
അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്‌. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെനാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്റെമഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെപരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം.
അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ.
അവര്‍ പറഞ്ഞു: നിനക്ക് സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞനും അഗാധജ്ഞാനിയും.
അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?
ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) . അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു.
ആദമേ, നീയും നിന്റെഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു.
എന്നാല്‍ പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൌഭാഗ്യം) നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്‌) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.
അനന്തരം ആദം തന്റെരക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ.
നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട് ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്‌. തുച്ഛമായ വിലയ്ക്ക് (ഭൗതിക നേട്ടത്തിനു) പകരം എന്റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്‌. എന്നോട് മാത്രം നിങ്ങള്‍ ഭയഭക്തി പുലര്‍ത്തുക.
നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.
പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, (അല്ലാഹുവിന്റെമുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍.
നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്‌) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത് ?
സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു.
തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ (ഭക്തന്‍മാര്‍).
ഇസ്രായീല്‍ സന്തതികളേ, നിങ്ങള്‍ക്ക് ഞാന്‍ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും, മറ്റു ജനവിഭാഗങ്ങളേക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുക.
ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. (അന്ന്‌) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
നിങ്ങളുടെ പുരുഷസന്താനങ്ങളെ അറുകൊല ചെയ്തുകൊണ്ടും, നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന്‍ വിട്ടുകൊണ്ടും നിങ്ങള്‍ക്ക് നിഷ്‌ഠൂര മര്‍ദ്ദനമേല്‍പിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്റെകൂട്ടരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍മിക്കുക.) നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു വലിയ പരീക്ഷണമാണ് അതിലുണ്ടായിരുന്നത്‌.
കടല്‍ പിളര്‍ന്ന് നിങ്ങളെ കൊണ്ടു പോയി നാം രക്ഷപ്പെടുത്തുകയും, നിങ്ങള്‍ കണ്ടുകൊണ്ടിരിക്കെ ഫിര്‍ഔന്റെകൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍മിക്കുക).
മൂസാ നബിക്ക് നാല്‍പത് രാവുകള്‍ നാം നിശ്ചയിക്കുകയും അദ്ദേഹം (അതിന്നായി) പോയ ശേഷം നിങ്ങള്‍ അക്രമമായി ഒരു കാളക്കുട്ടിയെ (ദൈവമായി) സ്വീകരിക്കുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക).
എന്നിട്ട് അതിന്ന് ശേഷവും നിങ്ങള്‍ക്ക് നാം മാപ്പുനല്‍കി. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാന്‍ വേണ്ടി.
നിങ്ങള്‍ സന്‍മാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടി വേദ ഗ്രന്ഥവും, സത്യവും അസത്യവും വേര്‍തിരിക്കുന്ന പ്രമാണവും മൂസാനബിക്ക് നാം നല്‍കിയ സന്ദര്‍ഭവും (ഓര്‍ക്കുക).
എന്റെസമുദായമേ, കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചത് മുഖേന നിങ്ങള്‍ നിങ്ങളോട് തന്നെ അന്യായം ചെയ്തിരിക്കുകയാണ്‌. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും (പ്രായശ്ചിത്തമായി) നിങ്ങള്‍ നിങ്ങളെതന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെഅടുക്കല്‍ അതാണ് നിങ്ങള്‍ക്ക് ഗുണകരം എന്ന് മൂസാ തന്റെജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍മിക്കുക). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത് വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി.
പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി.
നിങ്ങള്‍ക്ക് നാം മേഘത്തണല്‍ നല്‍കുകയും മന്നായും കാടപക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് ഭക്ഷിച്ചുകൊള്ളുക (എന്ന് നാം നിര്‍ദേശിച്ചു). അവര്‍ (എന്നിട്ടും നന്ദികേട് കാണിച്ചവര്‍) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര്‍ അവര്‍ക്ക് തന്നെയാണ് ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌.
നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുവിന്‍. അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുവിന്‍. തലകുനിച്ചുകൊണ്ട് വാതില്‍ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്‍. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് എന്ന് നാം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക).
എന്നാല്‍ അക്രമികളായ ആളുകള്‍ അവരോട് നിര്‍ദേശിക്കപ്പെട്ട വാക്കിന്നു പകരം മറ്റൊരു വാക്കാണ് ഉപയോഗിച്ചത്‌. അതിനാല്‍ ആ അക്രമികളുടെ മേല്‍ നാം ആകാശത്തു നിന്ന് ശിക്ഷ ഇറക്കി. കാരണം അവര്‍ ധിക്കാരം കാണിച്ചുകൊണ്ടിരുന്നത് തന്നെ.
മൂസാ നബി തന്റെജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെവടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു).
ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്‌, പയറ്‌, ഉള്ളി മുതലായവ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതരുവാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ത്ഥിക്കുക എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) മൂസാ പറഞ്ഞു: കൂടുതല്‍ ഉത്തമമായത് വിട്ട് തികച്ചും താണതരത്തിലുള്ളതാണോ നിങ്ങള്‍ പകരം ആവശ്യപ്പെടുന്നത്‌? എന്നാല്‍ നിങ്ങളൊരു പട്ടണത്തില്‍ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ കിട്ടും. (ഇത്തരം ദുര്‍വാശികള്‍ കാരണമായി) അവരുടെ മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയും, അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്തു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്‌. അവര്‍ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത് സംഭവിച്ചത്‌.
(മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
നാം നിങ്ങളോട് കരാര്‍ വാങ്ങുകയും നിങ്ങള്‍ക്ക് മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയത് ഗൌരവബുദ്ധിയോടെ ഏറ്റെടുക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടി അതില്‍ നിര്‍ദേശിച്ചത് ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു).
എന്നിട്ടതിന് ശേഷവും നിങ്ങള്‍ പുറകോട്ട് പോയി. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ നഷ്ടക്കാരില്‍ പെടുമായിരുന്നു.
നിങ്ങളില്‍ നിന്ന് സബ്ത്ത് (ശബ്ബത്ത്‌) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക.
അങ്ങനെ നാം അതിനെ (ആ ശിക്ഷയെ) അക്കാലത്തും പില്‍ക്കാലത്തുമുള്ളവര്‍ക്ക് ഒരു ഗുണപാഠവും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഒരു തത്വോപദേശവുമാക്കി.
അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു.
(അപ്പോള്‍) അവര്‍ പറഞ്ഞു: അത് (പശു) ഏത് തരമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചു തരാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്‌. അതിനാല്‍ കല്‍പിക്കപ്പെടുന്ന പ്രകാരം നിങ്ങള്‍ പ്രവര്‍ത്തിക്കുക.
അവര്‍ പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചുതരുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കണം. മൂസാ പറഞ്ഞു: കാണികള്‍ക്ക് കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്‌.
അവര്‍ പറഞ്ഞു: അത് ഏത് തരമാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമാക്കി തരാന്‍ നിന്റെ രക്ഷിതാവിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും പശുക്കള്‍ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങള്‍ക്ക് തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്റെ മാര്‍ഗനിര്‍ദേശപ്രകാരം തീര്‍ച്ചയായും ഞങ്ങള്‍ പ്രവര്‍ത്തിക്കാം.
(അപ്പോള്‍) മൂസാ പറഞ്ഞു: നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ് അല്ലാഹു പറയുന്നത്‌. അവര്‍ പറഞ്ഞു: ഇപ്പോഴാണ് താങ്കള്‍ ശരിയായ വിവരം വെളിപ്പെടുത്തിയത്‌. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ക്കത് നിറവേറ്റുക എളുപ്പമായിരുന്നില്ല.
(ഇസ്രായീല്‍ സന്തതികളേ), നിങ്ങള്‍ ഒരാളെ കൊലപ്പെടുത്തുകയും, അന്യോന്യം കുറ്റം ആരോപിച്ചുകൊണ്ട് ഒഴിഞ്ഞ് മാറുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക.) എന്നാല്‍ നിങ്ങള്‍ ഒളിച്ച് വെക്കുന്നത് അല്ലാഹു വെളിയില്‍ കൊണ്ടുവരിക തന്നെ ചെയ്യും.
അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ (പശുവിന്റെ) ഒരംശംകൊണ്ട് ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു.
പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന് നദികള്‍ പൊട്ടി ഒഴുകാറുണ്ട്‌. ചിലത് പിളര്‍ന്ന് വെള്ളം പുറത്ത് വരുന്നു. ചിലത് ദൈവഭയത്താല്‍ താഴോട്ട് ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
(സത്യവിശ്വാസികളേ), നിങ്ങളെ അവര്‍ (യഹൂദര്‍) വിശ്വസിക്കുമെന്ന് നിങ്ങള്‍ മോഹിക്കുകയാണോ? അവരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും, അത് ശരിക്കും മനസ്സിലാക്കിയതിന് ശേഷം ബോധപൂര്‍വ്വം തന്നെ അതില്‍ കൃത്രിമം കാണിച്ചുകൊണ്ടിരിക്കുകയുമാണല്ലോ.
വിശ്വസിച്ചവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തമ്മില്‍ തനിച്ചുകണ്ടുമുട്ടുമ്പോള്‍ (പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌) അവര്‍ പറയും: അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ ഇവര്‍ക്ക് നിങ്ങള്‍ പറഞ്ഞുകൊടുക്കുകയാണോ ? നിങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില്‍ അവര്‍ നിങ്ങള്‍ക്കെതിരില്‍ അത് വെച്ച് ന്യായവാദം നടത്താന്‍ വേണ്ടി. നിങ്ങളെന്താണ് ചിന്തിക്കാത്തത് ?
എന്നാല്‍ അവര്‍ക്കറിഞ്ഞുകൂടേ; അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് ?
അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരില്‍ (ഇസ്രായീല്യരില്‍) ഉണ്ട്‌. ചില വ്യാമോഹങ്ങള്‍ വെച്ച് പുലര്‍ത്തുന്നതല്ലാതെ വേദ ഗ്രന്ഥത്തെപ്പറ്റി അവര്‍ക്ക് ഒന്നുമറിയില്ല. അവര്‍ ഊഹത്തെ അവലംബമാക്കുക മാത്രമാണ് ചെയ്യുന്നത്‌.
എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്‌.) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം.
അവര്‍ (യഹൂദര്‍) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ ? എന്നാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല. അതല്ല, നിങ്ങള്‍ക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ ?
അങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്‌.
നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട് നാം ഉറപ്പ് വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട് നിങ്ങളത് സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. നിങ്ങളതിന് സാക്ഷികളുമാകുന്നു.
എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
പരലോകം വിറ്റ് ഇഹലോകജീവിതം വാങ്ങിയവരാകുന്നു അത്തരക്കാര്‍. അവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുകയില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
മൂസായ്ക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന് ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?
അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്‌. എന്നാല്‍ (അതല്ല ശരി) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.
അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്‌). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടികൊടുക്കുവാന്‍ വേണ്ടി മുമ്പ് (അല്ലാഹുവിനോട്‌) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്‌. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം.
അല്ലാഹു തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവരുടെ മേല്‍ തന്റെ അനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്‍ഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര്‍ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര്‍ കോപത്തിനു മേല്‍ കോപത്തിനു പാത്രമായി തീര്‍ന്നു. സത്യനിഷേധികള്‍ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്‌.
അല്ലാഹു അവതരിപ്പിച്ചതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതീര്‍ണ്ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ഖുര്‍ആന്‍). (നബിയേ,) പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ പിന്നെ എന്തിനായിരുന്നു മുമ്പൊക്കെ അല്ലാഹുവിന്റെ പ്രവാചകന്‍മാരെ നിങ്ങള്‍ വധിച്ചുകൊണ്ടിരുന്നത്‌?
സ്പഷ്ടമായ തെളിവുകളും കൊണ്ട് മൂസാ നിങ്ങളുടെ അടുത്ത് വരികയുണ്ടായി. എന്നിട്ടതിന് ശേഷവും നിങ്ങള്‍ അന്യായമായിക്കൊണ്ട് കാളക്കുട്ടിയെ ദൈവമാക്കുകയാണല്ലോ ചെയ്തത്‌.
നിങ്ങളോട് നാം കരാര്‍ വാങ്ങുകയും, നിങ്ങള്‍ക്കു മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭവും (ശ്രദ്ധിക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയ സന്ദേശം മുറുകെപിടിക്കുകയും (നമ്മുടെ കല്‍പനകള്‍) ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു). അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു. അവരുടെ നിഷേധസ്വഭാവത്തിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ഭക്തി അവരുടെ മനസ്സുകളില്‍ ലയിച്ചു ചേര്‍ന്നു കഴിഞ്ഞിരുന്നു. (നബിയേ,) പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ആ വിശ്വാസം നിങ്ങളോട് നിര്‍ദേശിക്കുന്ന കാര്യം വളരെ ചീത്തതന്നെ.
നീ അവരോട് (യഹൂദരോട്‌) പറയുക: മറ്റാര്‍ക്കും നല്‍കാതെ നിങ്ങള്‍ക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണ് പരലോകവിജയമെങ്കില്‍ നിങ്ങള്‍ മരിക്കുവാന്‍ കൊതിച്ചുകൊള്ളുക. നിങ്ങളുടെ വാദം സത്യമാണെങ്കില്‍ (അതാണല്ലോ വേണ്ടത്‌.)
എന്നാല്‍ അവരുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് (ദുഷ്കൃത്യങ്ങള്‍) കാരണമായി അവരൊരിക്കലും മരണത്തെ കൊതിക്കുകയില്ല. അതിക്രമകാരികളെപറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു അല്ലാഹു.
തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് ജീവിതത്തോട് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ (യഹൂദരെ) നിനക്ക് കാണാം; ബഹുദൈവവിശ്വാസികളെക്കാള്‍ പോലും. അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണ്‌. ഒരാള്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുക എന്നത് അയാളെ ദൈവിക ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന കാര്യമല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.
(നബിയേ,) പറയുക: (ഖുര്‍ആന്‍ എത്തിച്ചുതരുന്ന) ജിബ്‌രീല്‍ എന്ന മലക്കിനോടാണ് ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹമത് നിന്റെ മനസ്സില്‍ അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്‌. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക് വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ് (അത് അവതരിച്ചിട്ടുള്ളത്‌).
ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.
നാം നിനക്ക് അവതിരിപ്പിച്ചു തന്നിട്ടുള്ളത് സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ മറ്റാരും അവയെ നിഷേധിക്കുകയില്ല.
അവര്‍ (യഹൂദര്‍) ഏതൊരു കരാര്‍ ചെയ്തു കഴിയുമ്പോഴും അവരില്‍ ഒരു വിഭാഗം അത് വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല.
അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാണ് ചെയ്തത്‌.
സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!
അവര്‍ വിശ്വസിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരത് മനസ്സിലാക്കിയിരുന്നെങ്കില്‍!
ഹേ: സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്‌) റാഇനാ എന്ന് പറയരുത്‌. പകരം ഉന്‍ളുര്‍നാ എന്ന് പറയുകയും ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്‌.
നിങ്ങളുടെ രക്ഷിതാവില്‍ നിന്നും വല്ല നന്‍മയും നിങ്ങളുടെ മേല്‍ ഇറക്കപ്പെടുന്നത് വേദക്കാരിലും ബഹുദൈവാരാധകന്‍മാരിലും പെട്ട സത്യനിഷേധികള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് അവന്‍ ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ്‌.
വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?
നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?
മുമ്പ് മൂസായോട് ചോദിക്കപ്പെട്ടത് പോലുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ റസൂലിനോടും ചോദിക്കുവാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌? സത്യവിശ്വാസത്തിന് പകരം സത്യനിഷേധത്തെ സ്വീകരിക്കുന്നവരാരോ അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു.
നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്‌.) എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
നിങ്ങള്‍ പ്രാര്‍ത്ഥന മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുക. നിങ്ങളുടെ സ്വന്തം ഗുണത്തിനായി നിങ്ങള്‍ നല്ലതായ എന്തൊന്ന് മുന്‍കൂട്ടി ചെയ്താലും അതിന്റെ ഫലം അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് കണ്ടെത്താവുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.
ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്‌.
എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്‌. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
യഹൂദന്‍മാര്‍ പറഞ്ഞു ; ക്രിസ്ത്യാനികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. ക്രിസ്ത്യാനികള്‍ പറഞ്ഞു; യഹൂദന്‍മാര്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും. അങ്ങനെ ഇവര്‍ പറഞ്ഞത് പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌.
അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും.
കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.
അവര്‍ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്‌. അവനെത്ര പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്‍റെതാകുന്നു. എല്ലാവരും അവന്ന് കീഴ്പെട്ടിരിക്കുന്നവരാകുന്നു.
ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.
വിവരമില്ലാത്തവര്‍ പറഞ്ഞു: എന്തുകൊണ്ട് ഞങ്ങളോട് (നേരിട്ട്‌) അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കില്‍ ഞങ്ങള്‍ക്ക് (ബോധ്യമാകുന്ന) ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? എന്നാല്‍ ഇവര്‍ പറഞ്ഞതു പോലെത്തന്നെ ഇവര്‍ക്ക് മുമ്പുള്ളവരും പറഞ്ഞിട്ടുണ്ട്‌. ഇവര്‍ രണ്ട് കൂട്ടരുടെയും മനസ്സുകള്‍ക്ക് തമ്മില്‍ സാമ്യമുണ്ട്‌. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കികൊടുത്തിട്ടുണ്ട്‌.
തീര്‍ച്ചയായും നിന്നെ നാം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീത് നല്‍കുന്നവനുമായിക്കൊണ്ട് സത്യവുമായി അയച്ചിരിക്കുകയാണ്‌. നരകാവകാശികളെപ്പറ്റി നീ ചോദ്യം ചെയ്യപ്പെടുന്നതല്ല.
യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല.
നാം ഈ ഗ്രന്ഥം നല്‍കിയത് ആര്‍ക്കാണോ അവരത് പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും ജനവിഭാഗങ്ങളില്‍ നിങ്ങളെ ഞാന്‍ ഉല്‍കൃഷ്ടരാക്കിയതും നിങ്ങള്‍ ഓര്‍ക്കുക.
ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.
ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്‍പനകള്‍കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക.) അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്‌. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയും (നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷെ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല
ആ ഭവനത്തെ (കഅ്ബയെ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓര്‍ക്കുക.) ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (പ്രാര്‍ത്ഥന) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.
എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാന്‍ ആഹാരം നല്‍കുന്നതാണ്‌.) പക്ഷെ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷ ഏല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്‌. (അവന്ന്‌) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.
ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു
ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്‌) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.
സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.
നീ കീഴ്‌പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സര്‍വ്വലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്പെടുന്നവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്‌. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്‌)
എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക ? എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റേയും ഇസ്മാഈലിന്റേയും ഇഷാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിരിക്കും
അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതല്ല.
നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്‌. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്‌.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല.
നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്‌) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു.
നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്‌.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട് ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്‌.
(നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മ (ഫല) ങ്ങളാണ്‌. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മ (ഫല) ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാകുന്നു.
അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്‌? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമല്ല.
ഇവര്‍ ഇതുവരെ (പ്രാര്‍ത്ഥനാവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. (നബിയേ,) പറയുക : അല്ലാഹുവിന്റേത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു.
അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചത്‌. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് (ഖിബ് ല മാറ്റം) ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.
(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്‌. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്‌. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
വേദം നല്‍കപ്പെട്ടവരുടെ അടുക്കല്‍ നീ എല്ലാവിധ ദൃഷ്ടാന്തവും കൊണ്ട് ചെന്നാലും അവര്‍ നിന്റെ ഖിബ് ലയെ പിന്തുടരുന്നതല്ല. അവരുടെ ഖിബ് ലയെ നീയും പിന്തുടരുന്നതല്ല. അവരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്‍റെഖിബ് ലയെ പിന്തുടരുകയുമില്ല. നിനക്ക് ശരിയായ അറിവ് വന്നുകിട്ടിയ ശേഷം നീയെങ്ങാനും അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ നീയും അതിക്രമകാരികളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.
നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്‌. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു.
(നബിയേ, ഈ സന്ദേശം) നിന്റെ നാഥന്റെപക്കല്‍ നിന്നുള്ള സത്യമാകുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തില്‍ പെട്ടുപോകരുത്‌.
ഓരോ വിഭാഗക്കാര്‍ക്കും അവര്‍ (പ്രാര്‍ത്ഥനാവേളയില്‍) തിരിഞ്ഞുനില്‍ക്കുന്ന ഓരോ ഭാഗമുണ്ട്‌. എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരികയാണ്‌. നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
ഏതൊരിടത്ത് നിന്ന് നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് (പ്രാര്‍ത്ഥനാവേളയില്‍) നിന്റെ മുഖം തിരിക്കേണ്ടതാണ്‌. തീര്‍ച്ചയായും അത് നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥ (നിര്‍ദേശ) മാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
ഏതൊരിടത്ത് നിന്ന് നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് നിന്റെ മുഖം തിരിക്കേണ്ടതാണ്‌. (സത്യവിശ്വാസികളേ,) നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങളുടെ മുഖം തിരിക്കേണ്ടത്‌. നിങ്ങള്‍ക്കെതിരായി ജനങ്ങള്‍ക്ക് ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാന്‍ വേണ്ടിയാണിത്‌. അവരില്‍ പെട്ട ചില അതിക്രമകാരികള്‍ (തര്‍ക്കിച്ചേക്കാമെന്നത്‌) അല്ലാതെ. എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരുവാനും, നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുവാനും വേണ്ടിയാണിതെല്ലാം.
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും.
ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌.
സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്‌) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര്‍ എന്ന് നിങ്ങള്‍ പറയേണ്ട. എന്നാല്‍ അവരാകുന്നു ജീവിക്കുന്നവര്‍. പക്ഷെ, നിങ്ങള്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല.
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.
തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.
അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.
തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.
നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌.
എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്‌) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്‌. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്‌.
അതവര്‍ ശാശ്വതമായി അനുഭവിക്കുന്നതാണ്‌. അവര്‍ക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുകയില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമില്ല.
നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച.
അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!)
പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്‌.)
പിന്തുടര്‍ന്നവര്‍ (അനുയായികള്‍) അന്നു പറയും : ഞങ്ങള്‍ക്ക് (ഇഹലോകത്തേക്ക്‌) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കില്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞ് മാറിയത് പോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മ്മങ്ങളെല്ലാം അവര്‍ക്ക് ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍ നിന്ന് അവര്‍ക്ക് പുറത്ത് കടക്കാനാകുകയുമില്ല.
മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്‍റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു.
ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്‌.
അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?)
സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല.
സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍.
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്‌) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
സന്‍മാര്‍ഗത്തിനു പകരം ദുര്‍മാര്‍ഗവും, പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു അവര്‍. നരകശിക്ഷ അനുഭവിക്കുന്നതില്‍ അവര്‍ക്കെന്തൊരു ക്ഷമയാണ്‌!
സത്യം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതിനാലാണത്‌. വേദഗ്രന്ഥത്തിന്‍റെകാര്യത്തില്‍ ഭിന്നിച്ചവര്‍ (സത്യത്തില്‍ നിന്ന്‌) അകന്ന മാത്സര്യത്തിലാകുന്നു തീര്‍ച്ച.
നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍.
സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌.) ഇനി അവന്ന് (കൊലയാളിക്ക്‌) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്‌. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍).
നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്‌.
അത് (വസ്വിയ്യത്ത്‌) കേട്ടതിനു ശേഷം ആരെങ്കിലും അത് മാറ്റിമറിക്കുകയാണെങ്കില്‍ അതിന്റെ കുറ്റം മാറ്റിമറിക്കുന്നവര്‍ക്ക് മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
ഇനി വസ്വിയ്യത്ത് ചെയ്യുന്ന ആളുടെ ഭാഗത്തു നിന്നു തന്നെ അനീതിയോ കുറ്റമോ സംഭവിച്ചതായി ആര്‍ക്കെങ്കിലും ആശങ്ക തോന്നുകയും, അവര്‍ക്കിടയില്‍ (ബന്ധപ്പെട്ട കക്ഷികള്‍ക്കിടയില്‍) രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അതില്‍ തെറ്റില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌.
എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം.
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെപേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.)
നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.
നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്‌) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനി മേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും, (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു (ഭാര്യമാരു) മായി സഹവസിക്കരുത്‌. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്‌. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നു.
അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്‌. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന് വല്ലതും അധാര്‍മ്മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്‌.
(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. നിങ്ങള്‍ വീടുകളിലേക്ക് പിന്‍വശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത്‌. പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍. നിങ്ങള്‍ വീടുകളില്‍ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക. മോക്ഷം കൈവരിക്കുവാന്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക.
നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.
അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര്‍ നടത്തുന്ന) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് (അവിടെ വെച്ച്‌) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.
ഇനി അവര്‍ (പശ്ചാത്തപിച്ച്‌, എതിര്‍പ്പില്‍ നിന്ന്‌) വിരമിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് അല്ലാഹു.
മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.
വിലക്കപ്പെട്ടമാസത്തി (ലെ യുദ്ധത്തി) ന് വിലക്കപ്പെട്ടമാസത്തില്‍ തന്നെ (തിരിച്ചടിക്കുക.) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്‌. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ് ചെയ്യുക. (പിശുക്കും ഉദാസീനതയും മൂലം) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും.
നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് (ഹജ്ജ് നിര്‍വഹിക്കുന്നതിന്‌) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയര്‍പ്പിക്കേണ്ടതാണ്‌.) ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നത് വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ (മുടി നീക്കുന്നതിന്‌) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോ, ബലികര്‍മ്മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്‌.) ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേര്‍ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്‌. (ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക.
(ഹജ്ജിനിടയില്‍) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഭൌതികാനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടുന്നതില്‍ കുറ്റമൊന്നുമില്ല. അറഫാത്തില്‍ നിന്ന് നിങ്ങള്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ മശ്‌അറുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവിന്‍. അവന്‍ നിങ്ങള്‍ക്ക് വഴി കാണിച്ച പ്രകാരം നിങ്ങളവനെ ഓര്‍ക്കുവിന്‍. ഇതിനു മുമ്പ് നിങ്ങള്‍ പിഴച്ചവരില്‍ പെട്ടവരായിരുന്നാലും.
എന്നിട്ട് ആളുകള്‍ (സാധാരണ തീര്‍ത്ഥാടകര്‍) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്‌. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല.
മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്‌.
അവര്‍ സമ്പാദിച്ചതിന്റെ ഫലമായി അവര്‍ക്ക് വലിയൊരു വിഹിതമുണ്ട്‌. അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനാകുന്നു.
എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. (അവയില്‍) രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. (ഒരു ദിവസവും കൂടി) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് (അതാണ് ഉത്തമം). നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക.
ചില ആളുകളുണ്ട്‌. ഐഹികജീവിത കാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ (സത്യത്തിന്റെ) കഠിനവൈരികളത്രെ.
അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
അല്ലാഹുവെ സൂക്ഷിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ദുരഭിമാനം അവരെ പാപത്തില്‍ പിടിച്ച് നിര്‍ത്തുന്നു. അവര്‍ക്ക് നരകം തന്നെ മതി. അത് എത്ര മോശമായ മെത്ത!
വേറെ ചില ആളുകളുണ്ട്‌. അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് സ്വന്തം ജീവിതം തന്നെ അവര്‍ വില്‍ക്കുന്നു. അല്ലാഹു തന്റെ ദാസന്‍മാരോട് അത്യധികം ദയയുള്ളവനാകുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
നിങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷവും നിങ്ങള്‍ വഴുതിപ്പോകുകയാണെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കണം; അല്ലാഹു പ്രതാപിയും യുക്തിമാനുമാണെന്ന്‌.
മേഘമേലാപ്പില്‍ അല്ലാഹുവും മലക്കുകളും അവരുടെയടുത്ത് വരുകയും, കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നത് മാത്രമാണോ അവര്‍ കാത്തിരിക്കുന്നത്‌? എന്നാല്‍ കാര്യങ്ങളെല്ലാം അല്ലാഹുവിങ്കലേക്കാകുന്നു മടക്കപ്പെടുന്നത്‌.
ഇസ്രായീല്യരോട് നീ ചോദിച്ച് നോക്കുക; വ്യക്തമായ എത്ര ദൃഷ്ടാന്തമാണ് നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതെന്ന്‌. തനിക്ക് അല്ലാഹുവിന്റെ അനുഗ്രഹം വന്നുകിട്ടിയതിനു ശേഷം വല്ലവനും അതിന് വിപരീതം പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
സത്യനിഷേധികള്‍ക്ക് ഐഹികജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയും ചെയ്യുന്നു. എന്നാല്‍ സൂക്ഷ്മത പാലിച്ചവരായിരിക്കും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരെക്കാള്‍ ഉന്നതന്‍മാര്‍. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ തന്നെ കൊടുക്കുന്നതാണ്‌.
മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.
അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്‌.
(നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്‌. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു.
യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അനിഷ്ടകരമാകുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.
വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്‌. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്‌. എന്തൊന്നാണവര്‍ ചെലവ് ചെയ്യേണ്ടതെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്‌) മിച്ചമുള്ളത്‌. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു.
അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്‍മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല.) അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നന്‍മവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.
ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടത് നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കേണ്ടതുമാണ്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.
അല്ലാഹുവെ - അവന്റെപേരില്‍ നിങ്ങള്‍ ശപഥം ചെയ്തു പോയി എന്ന കാരണത്താല്‍ - നന്‍മ ചെയ്യുന്നതിനോ ധര്‍മ്മം പാലിക്കുന്നതിനോ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങള്‍ ഒരു തടസ്സമാക്കി വെക്കരുത്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
(ബോധപൂര്‍വ്വമല്ലാതെ) വെറുതെ പറഞ്ഞുപോകുന്ന ശപഥവാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. പക്ഷെ, നിങ്ങള്‍ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചതിന്റെപേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
തങ്ങളുടെ ഭാര്യമാരുമായി (ബന്ധപ്പെടുകയില്ലെന്ന്‌) ശപഥം ചെയ്ത് അകന്നു നില്‍ക്കുന്നവര്‍ക്ക് (അന്തിമ തീരുമാനത്തിന്‌) നാലുമാസം വരെ കാത്തിരിക്കാവുന്നതാണ്‌. അതിനിടയില്‍ അവര്‍ (ശപഥം വിട്ട് ദാമ്പത്യത്തിലേക്ക്‌) മടങ്ങുകയാണെങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
ഇനി അവര്‍ വിവാഹമോചനം ചെയ്യാന്‍ തന്നെ തീര്‍ച്ചപ്പെടുത്തുകയാണെങ്കിലോ അല്ലാഹു എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവനാണല്ലോ ?
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്‌. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചു വെക്കാന്‍ പാടുള്ളതല്ല. അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ (ഭര്‍ത്താക്കന്‍മാര്‍) നിലപാട് നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്‌. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിച്ചു പോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്‌) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍.
ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്‌) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്‌) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ ഒന്നുകില്‍ നിങ്ങളവരെ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ മര്യാദയനുസരിച്ച് തന്നെ പിരിച്ചയക്കുകയോ ആണ് വേണ്ടത്‌. ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചു നിര്‍ത്തരുത്‌. അപ്രകാരം വല്ലവനും പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ തനിക്ക് തന്നെയാണ് ദ്രോഹം വരുത്തിവെക്കുന്നത്‌. അല്ലാഹുവിന്റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കിക്കളയരുത്‌. അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുമായി വിവാഹത്തില്‍ ഏര്‍പെടുന്നതിന് നിങ്ങള്‍ തടസ്സമുണ്ടാക്കരുത്‌; മര്യാദയനുസരിച്ച് അവര്‍ അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കില്‍. നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണത്‌. അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.
മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്‌) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്‌. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്‌. അതു പോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്‌. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതു പോലെയുള്ള ബാധ്യതകളുണ്ട്‌. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്‌) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക.
നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌.
(ഇദ്ദഃയുടെ ഘട്ടത്തില്‍) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട് മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട് യാതൊരു നിശ്ചയവും ചെയ്തു പോകരുത്‌. നിയമപ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ (വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്‌. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും, അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.
നിങ്ങള്‍ ഭാര്യമാരെ സ്പര്‍ശിക്കുകയോ, അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങളവരുമായുള്ള ബന്ധം വേര്‍പെടുത്തിയാല്‍ (മഹ്‌റ് നല്‍കാത്തതിന്റെ പേരില്‍) നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ അവര്‍ക്ക് നിങ്ങള്‍ മര്യാദയനുസരിച്ച് ജീവിതവിഭവമായി എന്തെങ്കിലും നല്‍കേണ്ടതാണ്‌. കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന്‍ തന്റെ സ്ഥിതിക്കനുസരിച്ചും. സദ്‌വൃത്തരായ ആളുകള്‍ക്ക് ഇതൊരു ബാധ്യതയത്രെ.
ഇനി നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പ് തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞിരിക്കുകയും ആണെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പകുതി (നിങ്ങള്‍ നല്‍കേണ്ടതാണ്‌.) അവര്‍ (ഭാര്യമാര്‍) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്നവന്‍ (ഭര്‍ത്താവ്‌) (മഹ്ര് പൂര്‍ണ്ണമായി നല്‍കിക്കൊണ്ട്‌) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാല്‍ (ഭര്‍ത്താക്കന്‍മാരേ,) നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് ധര്‍മ്മനിഷ്ഠയ്ക്ക് കൂടുതല്‍ യോജിച്ചത്‌. നിങ്ങള്‍ അന്യോന്യം ഔദാര്യം കാണിക്കാന്‍ മറക്കരുത്‌. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.
പ്രാര്‍ത്ഥനകള്‍ (അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്‌. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌.
നിങ്ങള്‍ (ശത്രുവിന്റെ ആക്രമണം) ഭയപ്പെടുകയാണെങ്കില്‍ കാല്‍നടയായോ വാഹനങ്ങളിലായോ (നിങ്ങള്‍ക്ക് നമസ്കരിക്കാം.) എന്നാല്‍ നിങ്ങള്‍ സുരക്ഷിതാവസ്ഥയിലായാല്‍ നിങ്ങള്‍ക്ക് അറിവില്ലാതിരുന്നത് അല്ലാഹു പഠിപ്പിച്ചുതന്ന പ്രകാരം നിങ്ങള്‍ അവനെ സ്മരിക്കേണ്ടതാണ്‌.
നിങ്ങളില്‍ നിന്ന് ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു കൊല്ലത്തേക്ക് (വീട്ടില്‍ നിന്ന്‌) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത് ചെയ്യേണ്ടതാണ്‌. എന്നാല്‍ അവര്‍ (സ്വയം) പുറത്ത് പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍ മര്യാദയനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു.
വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്‌. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രെ.
നിങ്ങള്‍ ഗ്രഹിക്കേണ്ടതിനു വേണ്ടി അപ്രകാരം അല്ലാഹു അവന്റെ തെളിവുകള്‍ വിവരിച്ചുതരുന്നു.
ആയിരക്കണക്കിന് ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട് സ്വന്തം വീട് വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: നിങ്ങള്‍ മരിച്ചു കൊള്ളുക. പിന്നീട് അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കി. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുക. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്‌? എങ്കില്‍ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്‌. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.
മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്രായീലീ പ്രമുഖര്‍ തങ്ങളുടെ പ്രവാചകനോട്‌, ഞങ്ങള്‍ക്കൊരു രാജാവിനെ നിയോഗിച്ച് തരൂ. (അദ്ദേഹത്തിന്റെ നേതൃത്വത്തില്‍) ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ സന്ദര്‍ഭം നീ അറിഞ്ഞില്ലേ? അദ്ദേഹം (പ്രവാചകന്‍) ചോദിച്ചു: നിങ്ങള്‍ക്ക് യുദ്ധത്തിന്ന് കല്‍പന കിട്ടിയാല്‍ നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ ? അവര്‍ പറഞ്ഞു: ഞങ്ങളുടെ താമസസ്ഥലങ്ങളില്‍ നിന്നും സന്തതികള്‍ക്കിടയില്‍ നിന്നും ഞങ്ങള്‍ പുറം തള്ളപ്പെട്ട സ്ഥിതിക്ക് ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ കഴിയും ? എന്നാല്‍ അവര്‍ക്ക് യുദ്ധത്തിന് കല്‍പന നല്‍കപ്പെട്ടപ്പോഴാകട്ടെ അല്‍പം പേരൊഴിച്ച് (എല്ലാവരും) പിന്‍മാറുകയാണുണ്ടായത്‌. അല്ലാഹു അക്രമകാരികളെപ്പറ്റി (നല്ലവണ്ണം) അറിയുന്നവനാകുന്നു.
അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന് അയാളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്‍) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീര ശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെവകയായുള്ള ആധിപത്യം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.
അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്‌. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്‍റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്‌. മലക്കുകള്‍ അത് വഹിച്ച് കൊണ്ടുവരുന്നതാണ്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്‌.
അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്‌. അപ്പോള്‍ ആര്‍ അതില്‍ നിന്ന് കുടിച്ചുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തന്റെകൈകൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്‌. അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതി (ഗോലിയത്ത്‌) നെയും അവന്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.
അങ്ങനെ അവര്‍ ജാലൂതിനും സൈന്യങ്ങള്‍ക്കുമെതിരെ പോരിനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
അങ്ങനെ അല്ലാഹുവിന്റെഅനുമതി പ്രകാരം അവരെ (ശത്രുക്കളെ) അവര്‍ പരാജയപ്പെടുത്തി. ദാവൂദ് ജാലൂതിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന് അല്ലാഹു ആധിപത്യവും ജ്ഞാനവും നല്‍കുകയും, താന്‍ ഉദ്ദേശിക്കുന്ന പലതും പഠിപ്പിക്കുകയും ചെയ്തു. മനുഷ്യരില്‍ ചിലരെ മറ്റു ചിലര്‍ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു. പക്ഷെ അല്ലാഹു ലോകരോട് വളരെ ഉദാരനത്രെ.
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു അവയൊക്കെ. സത്യപ്രകാരം നിനക്ക് നാം അവ ഓതികേള്‍പിച്ച് തരുന്നു. തീര്‍ച്ചയായും നീ (നമ്മുടെ ദൌത്യവുമായി) നിയോഗിക്കപ്പെട്ടവരില്‍ ഒരാളാകുന്നു.
ആ ദൂതന്‍മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അല്ലാഹു (നേരില്‍) സംസാരിച്ചിട്ടുള്ളവര്‍ അവരിലുണ്ട്‌. അവരില്‍ ചിലരെ അവന്‍ പല പദവികളിലേക്ക് ഉയര്‍ത്തിയിട്ടുമുണ്ട്‌. മര്‍യമിന്റെമകന്‍ ഈസായ്ക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തിന് നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടുണ്ട്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ (ദൂതന്‍മാരുടെ) പിന്‍ഗാമികള്‍ വ്യക്തമായ തെളിവ് വന്നുകിട്ടിയതിനു ശേഷവും (അന്യോന്യം) പോരടിക്കുമായിരുന്നില്ല. എന്നാല്‍ അവര്‍ ഭിന്നിച്ചു. അങ്ങനെ അവരില്‍ വിശ്വസിച്ചവരും നിഷേധിച്ചവരുമുണ്ടായി. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ പോരടിക്കുമായിരുന്നില്ല. പക്ഷെ അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍.
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.
ഇബ്രാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്‌.) എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്രാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്‌. ഇബ്രാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്ന് കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോള്‍) അദ്ദേഹം പറഞ്ഞു: നിര്‍ജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്‌. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷം നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം (നിര്‍ജീവാവസ്ഥയില്‍) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോ (ആണ് ഞാന്‍ കഴിച്ചുകൂട്ടിയത്‌); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വര്‍ഷം കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങള്‍ നോക്കൂ അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേര്‍ക്ക് നോക്കൂ. (അതെങ്ങനെയുണ്ടെന്ന്‌). നിന്നെ മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമാക്കുവാന്‍ വേണ്ടിയാകുന്നു നാമിത് ചെയ്തത്‌. ആ എല്ലുകള്‍ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തില്‍ പൊതിയുകയും ചെയ്യുന്നു വെന്നും നീ നോക്കുക എന്ന് അവന്‍ (അല്ലാഹു) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് (കാര്യം) വ്യക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യങ്ങള്‍ക്കും കഴിവുള്ളവനാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്‌) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്‌.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടര്‍ന്ന്‌, ചെലവ് ചെയ്തത് എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
കൊടുത്തതിനെത്തുടര്‍ന്ന് മനഃക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തെക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു.
സത്യവിശ്വാസികളേ, (കൊടുത്തത്‌) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല.
അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.
നിങ്ങളില്‍ ഒരാള്‍ക്ക് ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള ഒരു തോട്ടമുണ്ടെന്ന് കരുതുക. അവയുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാതരം കായ്കനികളും അയാള്‍ക്കതിലുണ്ട്‌. അയാള്‍ക്കാകട്ടെ വാര്‍ദ്ധക്യം ബാധിച്ചിരിക്കുകയാണ്‌. അയാള്‍ക്ക് ദുര്‍ബലരായ കുറെ സന്താനങ്ങളുണ്ട്‌. അപ്പോഴതാ തീയോടു കൂടിയ ഒരു ചുഴലിക്കാറ്റ് അതിന്നു ബാധിച്ച് അത് കരിഞ്ഞു പോകുന്നു. ഇത്തരം ഒരു സ്ഥിതിയിലാകാന്‍ നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ ? നിങ്ങള്‍ ചിന്തിക്കുന്നതിനു വേണ്ടി ഇപ്രകാരം അല്ലാഹു തെളിവുകള്‍ വിവരിച്ചുതരുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി വെക്കരുത്‌. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞു കൊള്ളുക.
പിശാച് ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.
താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ത്ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന് (യഥാര്‍ത്ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്‌. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ.
നിങ്ങളെന്തൊന്ന് ചെലവഴിച്ചാലും ഏതൊന്ന് നേര്‍ച്ച നേര്‍ന്നാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നതാണ്‌. അക്രമകാരികള്‍ക്ക സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല.
നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.
അവരെ നേര്‍വഴിയിലാക്കാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടി തന്നെയാണ്‌. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്‌. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.
ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്‌.
രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്‌. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍.
നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍ അക്രമം ചെയ്യരുത്‌. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്‌.
ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്‌) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.
നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَدَايَنتُم بِدَيْنٍ إِلَىٰٓ أَجَلٍۢ مُّسَمًّۭى فَٱكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبٌۢ بِٱلْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ ٱللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ ٱلَّذِى عَلَيْهِ ٱلْحَقُّ وَلْيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبْخَسْ مِنْهُ شَيْـًۭٔا ۚ فَإِن كَانَ ٱلَّذِى عَلَيْهِ ٱلْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُۥ بِٱلْعَدْلِ ۚ وَٱسْتَشْهِدُوا۟ شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌۭ وَٱمْرَأَتَانِ مِمَّن تَرْضَوْنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحْدَىٰهُمَا فَتُذَكِّرَ إِحْدَىٰهُمَا ٱلْأُخْرَىٰ ۚ وَلَا يَأْبَ ٱلشُّهَدَآءُ إِذَا مَا دُعُوا۟ ۚ وَلَا تَسْـَٔمُوٓا۟ أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰٓ أَجَلِهِۦ ۚ ذَٰلِكُمْ أَقْسَطُ عِندَ ٱللَّهِ وَأَقْوَمُ لِلشَّهَٰدَةِ وَأَدْنَىٰٓ أَلَّا تَرْتَابُوٓا۟ ۖ إِلَّآ أَن تَكُونَ تِجَٰرَةً حَاضِرَةًۭ تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوٓا۟ إِذَا تَبَايَعْتُمْ ۚ وَلَا يُضَآرَّ كَاتِبٌۭ وَلَا شَهِيدٌۭ ۚ وَإِن تَفْعَلُوا۟ فَإِنَّهُۥ فُسُوقٌۢ بِكُمْ ۗ وَٱتَّقُوا۟ ٱللَّهَ ۖ وَيُعَلِّمُكُمُ ٱللَّهُ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۭ ﴿٢٨٢﴾
സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്‌. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്‌. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ (എഴുതേണ്ട വാചകം) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെരക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും (ബാധ്യതയില്‍) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്‌. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വ്വം (വാചകം) പറഞ്ഞു കൊടുക്കേണ്ടതാണ്‌. നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. (തെളിവ് നല്‍കാന്‍) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്‌. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍ മടിക്കരുത്‌. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്‌. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
ഇനി നിങ്ങള്‍ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയ വസ്തുക്കള്‍ കൈവശം കൊടുത്താല്‍ മതി. ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷ്യം മറച്ചു വെക്കരുത്‌. ആരത് മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു.
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.
അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.