Malayalam

Surah റഅ്ദ് - Aya count 43
Share
അലിഫ് ലാം മീം റാ. വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാകുന്നു. പക്ഷെ, ജനങ്ങളിലധികപേരും വിശ്വസിക്കുന്നില്ല.
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.
അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈ രണ്ട് ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.
ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്‌. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.
നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്‌. ഞങ്ങള്‍ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ? അക്കൂട്ടരാണ് തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍. അക്കൂട്ടരാണ് കഴുത്തുകളില്‍ വിലങ്ങുകളുള്ളവര്‍. അക്കുട്ടരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
(നബിയേ,) നിന്നോട് അവര്‍ നന്‍മയേക്കാള്‍ മുമ്പായി തിന്‍മയ്ക്ക് (ശിക്ഷയ്ക്ക്‌) വേണ്ടി തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ മുമ്പ് മാതൃകാപരമായ ശിക്ഷകള്‍ കഴിഞ്ഞുപോയിട്ടുണ്ട് താനും. തീര്‍ച്ചയായും, നിന്‍റെ രക്ഷിതാവ് മനുഷ്യര്‍ അക്രമം പ്രവര്‍ത്തിച്ചിട്ടുകൂടി അവര്‍ക്ക് പാപമോചനം നല്‍കുന്നവനത്രെ, തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌.
(നബിയെ പരിഹസിച്ചുകൊണ്ട്‌) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇവന്‍റെ മേല്‍ എന്താണ് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി.
ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്‍റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.
അദൃശ്യത്തേയും ദൃശ്യത്തേയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവന്‍.
നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് രഹസ്യമായി സംസാരിച്ചവനും പരസ്യമായി സംസാരിച്ചവനും രാത്രിയില്‍ ഒളിഞ്ഞിരിക്കുന്നവനും പകലില്‍ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം (അവനെ സംബന്ധിച്ചിടത്തോളം) സമമാകുന്നു.
മനുഷ്യന്ന് അവന്‍റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന് കൊണ്ട് അല്ലാഹുവിന്‍റെ കല്‍പനപ്രകാരം അവനെ കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നവര്‍ (മലക്കുകള്‍) ഉണ്ട്‌. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല.
ഭയവും ആശയും ജനിപ്പിച്ച് കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നത് അവനത്രെ. (ജല) ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു.) അവന്‍ ഇടിവാളുകള്‍ അയക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവ ഏല്‍പിക്കുകയും ചെയ്യുന്നു. അവര്‍(അവിശ്വാസികള്‍) അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍.
അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.
അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് പ്രണാമം ചെയ്യുന്നു.)
(നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌? പറയുക: അല്ലാഹുവാണ്‌. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവര്‍ പങ്കാളികളാക്കി വെച്ചവര്‍, അവന്‍ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്‍റെയും) സൃഷ്ടികള്‍ അവര്‍ക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്‌? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്‌. അവന്‍ ഏകനും സര്‍വ്വാധിപതിയുമാകുന്നു.
അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്‍റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി നില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്‌. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ച് കൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്‌. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു.
തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്‌. അവന്‍റെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടിയും അവര്‍ക്ക് ഉണ്ടായിരുന്നാല്‍ പോലും (തങ്ങളുടെ രക്ഷയ്ക്കു വേണ്ടി) അതൊക്കെയും അവര്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്‌. അവരുടെ സങ്കേതം നരകമത്രെ. ആ വാസസ്ഥലം എത്ര മോശം!
അപ്പോള്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ.
അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.
കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍.
തങ്ങളുടെ രക്ഷിതാവിന്‍റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്‍റെ പര്യവസാനം.
അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും:
നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്‍റെ പര്യവസാനം എത്ര നല്ലത്‌!
അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചതിനെ (ബന്ധങ്ങളെ) അറുത്ത് കളയുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ് ശാപം. അവര്‍ക്കാണ് ചീത്ത ഭവനം.
അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന ചിലര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (മറ്റു ചിലര്‍ക്ക് അത്‌) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഇഹലോകജീവിതത്തില്‍ സന്തോഷമടഞ്ഞിരിക്കുന്നു. പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം (നിസ്സാരമായ) ഒരു സുഖാനുഭവം മാത്രമാകുന്നു.
അവിശ്വസിച്ചവര്‍ (നബിയെപറ്റി) പറയുന്നു: ഇവന്‍റെ മേല്‍ എന്തുകൊണ്ടാണ് ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്‌? (നബിയേ,) പറയുക: തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച് മടങ്ങിയവരെ തന്‍റെ മാര്‍ഗത്തിലേക്ക് അവന്‍ നയിക്കുകയും ചെയ്യുന്നു.
അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.
വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് മംഗളം! മടങ്ങിച്ചെല്ലാനുള്ള നല്ല സങ്കേതവും (അവര്‍ക്കു തന്നെ.)
അപ്രകാരം നിന്നെ നാം ഒരു സമുദായത്തില്‍ ദൂതനായി നിയോഗിച്ചിരിക്കുന്നു. അതിന്നു മുമ്പ് പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്‌. നിനക്ക് നാം ദിവ്യസന്ദേശമായി നല്‍കിയിട്ടുള്ളത് അവര്‍ക്ക് ഓതികേള്‍പിക്കുവാന്‍ വേണ്ടിയാണ് (നിന്നെ നിയോഗിച്ചത്‌.) അവരാകട്ടെ, പരമകാരുണികനായ ദൈവത്തില്‍ അവിശ്വസിക്കുന്നു. പറയുക: അവനാണ് എന്‍റെ രക്ഷിതാവ്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്കാണ് എന്‍റെ മടക്കം.
പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥം മൂലം പര്‍വ്വതങ്ങള്‍ നടത്തപ്പെടുകയോ, അല്ലെങ്കില്‍ അതു കാരണമായി ഭൂമി തുണ്ടംതുണ്ടമായി മുറിക്കപ്പെടുകയോ, അല്ലെങ്കില്‍ അതുമുഖേന മരിച്ചവരോട് സംസാരിക്കപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ പോലും (അവര്‍ വിശ്വസിക്കുമായിരുന്നില്ല.) എന്നാല്‍ കാര്യം മുഴുവന്‍ അല്ലാഹുവിന്‍റെ നിയന്ത്രണത്തിലത്രെ. അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുമായിരുന്നുവെന്ന് സത്യവിശ്വാസികള്‍ മനസ്സിലാക്കിയിട്ടില്ലേ? സത്യനിഷേധികള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഏതെങ്കിലും അത്യാപത്ത് ബാധിച്ച് കൊണേ്ടയിരിക്കുന്നതാണ്‌. അല്ലെങ്കില്‍ അവരുടെ താമസസ്ഥലത്തിനടുത്തു തന്നെ അത് (ശിക്ഷ) വന്നിറങ്ങിക്കൊണ്ടിരിക്കും; അല്ലാഹുവിന്‍റെ വാഗ്ദത്തം വന്നെത്തുന്നത് വരെ. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.
തീര്‍ച്ചയായും നിനക്കു മുമ്പും ദൂതന്‍മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. അപ്പോള്‍ അവിശ്വസിച്ചവര്‍ക്ക് ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നീട് അവരെ ഞാന്‍ പിടികൂടുകയും ചെയ്തു. അപ്പോള്‍ എന്‍റെ ശിക്ഷ എങ്ങനെയായിരുന്നു!
പ്പോള്‍ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവന്‍ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?) അവര്‍ അല്ലാഹുവിന് പങ്കാളികളെ ആക്കിയിരിക്കുന്നു. (നബിയേ,) പറയുക: നിങ്ങള്‍ അവരുടെ പേരൊന്നു പറഞ്ഞുതരൂ, അതല്ല, ഭൂമിയില്‍ അവന്‍ (അല്ലാഹു) അറിയാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങള്‍ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, (നിങ്ങള്‍ പറയുന്നത്‌) ഉപരിപ്ലവമായ ഒരു സംസാരമാണോ ? അല്ല, സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം അലംകൃതമായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ശരിയായ) മാര്‍ഗത്തില്‍ നിന്ന് അവര്‍ തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുര്‍മാര്‍ഗത്തിലാക്കുന്ന പക്ഷം അവനെ നേര്‍വഴിയിലാക്കാന്‍ ആരുമില്ല.
അവര്‍ക്ക് ഇഹലോകജീവിതത്തില്‍ ശിക്ഷയുണ്ടായിരിക്കും. പരലോകശിക്ഷയാകട്ടെ ഏറ്റവും വിഷമമേറിയതു തന്നെയായിരിക്കും. അവര്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് (തങ്ങളെ) കാത്തുരക്ഷിക്കാന്‍ ആരുമില്ല.
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ (ഇതത്രെ:) അതിന്‍റെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു.
നാം (മുമ്പ്‌) വേദഗ്രന്ഥം നല്‍കിയിട്ടുള്ളതാര്‍ക്കാണോ അവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതില്‍ (ഖുര്‍ആനില്‍) സന്തോഷം കൊള്ളുന്നു. ആ കക്ഷികളുടെ കൂട്ടത്തില്‍ തന്നെ അതിന്‍റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്‌. പറയുക: അല്ലാഹുവെ ഞാന്‍ ആരാധിക്കണമെന്നും, അവനോട് ഞാന്‍ പങ്കുചേര്‍ക്കരുത് എന്നും മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. അവനിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്‌. അവനിലേക്ക് തന്നെയാണ് എന്‍റെ മടക്കവും.
അപ്രകാരം ഇതിനെ (ഖുര്‍ആനിനെ) അറബിഭാഷയിലുള്ള ഒരു ന്യായപ്രമാണമായി നാം അവതരിപ്പിച്ചിരിക്കുന്നു. നിനക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം അവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റിയാല്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷിക്കുന്ന യാതൊരു രക്ഷാധികാരിയും, യാതൊരു കാവല്‍ക്കാരനും നിനക്ക് ഉണ്ടായിരിക്കുകയില്ല.
നിനക്ക് മുമ്പും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്‌. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്‌. ഒരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്‌.
ല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുകയും (താന്‍ ഉദ്ദേശിക്കുന്നത്‌) സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്‍റെ പക്കലുള്ളതാണ്‌.
നാം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ (ശിക്ഷാനടപടികളില്‍) ചിലത് നിനക്ക് നാം കാണിച്ചുതരികയോ, അല്ലെങ്കില്‍ (അതിനു മുമ്പ്‌) നിന്‍റെ ജീവിതം നാം അവസാനിപ്പിക്കുകയോ ചെയ്യുന്ന പക്ഷം (ഇത് രണ്ടില്‍ ഏതാണ് സംഭവിക്കുന്നതെങ്കിലും) നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. (അവരുടെ കണക്കു) നോക്കുന്ന ബാധ്യത നമുക്കാകുന്നു.
നാം (അവരുടെ) ഭൂമിയില്‍ ചെന്ന് അതിന്‍റെ നാനാവശങ്ങളില്‍ നിന്ന് അതിനെ ചുരുക്കിക്കൊണ്ടിരിക്കുന്നത് അവര്‍ കണ്ടില്ലേ ? അല്ലാഹു വിധിക്കുന്നു. അവന്‍റെ വിധി ഭേദഗതി ചെയ്യാന്‍ ആരും തന്നെയില്ല. അവന്‍ അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ.
ഇവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിച്ചിട്ടുണ്ട്‌. എന്നാല്‍ മുഴുവന്‍ തന്ത്രവും അല്ലാഹുവിന്നാണുള്ളത്‌. ഓരോ വ്യക്തിയും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് അവര്‍ അറിയുന്നു. ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക് അനുകൂലമാണെന്ന് സത്യനിഷേധികള്‍ അറിഞ്ഞ് കൊള്ളും.
നീ (ദൈവത്താല്‍) നിയോഗിക്കപ്പെട്ടവനല്ലെന്ന് സത്യനിഷേധികള്‍ പറയുന്നു. പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. ആരുടെ പക്കലാണോ വേദവിജ്ഞാനമുള്ളത് അവരും മതി.